• Sat. May 10th, 2025

24×7 Live News

Apdin News

സംസ്ഥാനത്ത് നാളെ മുഴുവന്‍ ജില്ലകളിലും മോക് ഡ്രില്‍; കുടുംബാംഗങ്ങള്‍ ഒരുമിച്ച് ‘ഫാമിലി ഡ്രില്‍’ നടത്തുക – Chandrika Daily

Byadmin

May 7, 2025


തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം നാളെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടത്തും. വൈകിട്ട് 4 മണിക്കാണ് മോക് ഡ്രിൽ ആരംഭിക്കുന്നത്. മോക് ഡ്രില്ലിന്‍റെ ഭാഗമായി സിവിൽ ഡിഫൻസ് തയാറെടുപ്പിന്‍റെ വിവിധ വശങ്ങൾ വിലയിരുത്തും. മോക് ഡ്രില്ലിൻ്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കലക്ട‌ർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർദേശം നൽകി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രിലിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ഇന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആഭ്യന്തര, റവന്യൂ, ആരോഗ്യ കുടുംബക്ഷേമ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, സംസ്ഥാന പോലീസ് മേധാവി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍, ദുരന്തനിവാരണ സ്‌പെഷ്യല്‍ സെക്രട്ടറിയും കമ്മീഷണറും, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍മാര്‍, കേരള സംസ്ഥാന ദുരന്തനിവാരണ മെമ്പര്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.

സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

കമ്മ്യൂണിറ്റി തല ഇടപെടലുകള്‍

1. റസിഡന്റ്‌സ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാര്‍ഡ് തലത്തില്‍) മോക്ക് ഡ്രില്‍ വാര്‍ഡന്മാരെ നിയോഗിക്കുക.

2. എല്ലാ പ്രദേശവാസികള്‍ക്കും സിവില്‍ ഡിഫന്‍സ് ബ്ലാക്ക്ഔട്ട് നിര്‍ദ്ദേശങ്ങള്‍ എത്തിക്കുക.

3. ആവശ്യമെങ്കില്‍ ആരാധനാലയങ്ങളിലെ അനൗണ്‌സ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അലര്‍ട്ട് ചെയ്യുക.

4. വാര്‍ഡുതല ഡ്രില്ലുകള്‍ സംഘടിപ്പിക്കുക.

5. സ്‌കൂളുകളിലും, ബേസ്‌മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക.

6. കമ്മ്യൂണിറ്റി വോളന്റിയര്‍മാര്‍ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്ഔട്ട് സമയത്ത് മോക്ക് ഡ്രില്‍ വാര്‍ഡന്മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.

ഗാര്‍ഹികതല ഇടപെടലുകള്‍

7. മോക്ക് ഡ്രില്‍ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും, അടിയന്തര ഘട്ടത്തില്‍ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാന്‍ ജനാലകളില്‍ കട്ടിയുള്ള കാര്‍ഡ് ബോര്‍ഡുകളോ കര്‍ട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്.

8. ജനാലകളുടെ സമീപം മൊബൈല്‍ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

9. ബാറ്ററി/സോളാര്‍ ടോര്‍ച്ചുകള്‍, ഗ്ലോ സ്റ്റിക്കുകള്‍, റേഡിയോ എന്നിവ കരുതുക.

10. 2025 മെയ് 7, 4 മണിക്ക് സൈറന്‍ മുഴങ്ങുമ്പോള്‍ എല്ലായിടങ്ങളിലെയും (വീടുകള്‍, ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകള്‍ ഓഫ് ചെയ്യേണ്ടതാണ്.

11. എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക. ഇതില്‍ മരുന്നുകള്‍, ടോര്‍ച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉള്‍പ്പെടുത്തുക.

12. വീടിനുളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.

13. എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങള്‍ ഒരുമിച്ചു ”ഫാമിലി ഡ്രില്‍” നടത്തുക.

14. സൈറന്‍ സിഗ്‌നലുകള്‍ മനസ്സിലാക്കുക. ദീര്‍ഘമായ സൈറന്‍ മുന്നറിയിപ്പും, ചെറിയ സൈറന്‍ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.

15. പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്നവര്‍ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറേണ്ടതാണ്.

16. ഔദ്യോഗിക വിവരങ്ങള്‍ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.

17. തീപിടുത്തം ഒഴിവാക്കാന്‍ ബ്ലാക്ക് ഔട്ട് സൈറണ്‍ കേള്‍ക്കുമ്പോള്‍ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക.

18. ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.

 



By admin