• Tue. Mar 25th, 2025

24×7 Live News

Apdin News

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം – Chandrika Daily

Byadmin

Mar 21, 2025


തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം പകല്‍ സമയത്ത് കടുത്ത ചൂട് തുടരുകയാണ്. കൊല്ലത്തെ കൊട്ടാരക്കരയില്‍ അള്‍ട്രാവയലറ്റ് സൂചിക 11 രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ജാഗ്രതയുടെ ഭാഗമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അള്‍ട്രാവയലറ്റ് സൂചിക 11ന് മുകളില്‍ രേഖപ്പെടുത്തുകയാണെങ്കില്‍ ഏറ്റവും ഗുരുതരമായ സാഹചര്യമായാണ് കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. ജാഗ്രതയുടെ ഭാഗമായാണ് റെഡ് അലര്‍ട്ട് നല്‍കുന്നത്.

കോന്നി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മൂന്നാര്‍, തൃത്താല, പൊന്നാനി എന്നിവിടങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് ഓറഞ്ച് അലര്‍ട്ടാണ്. അള്‍ട്രാവയലറ്റ് സൂചിക എട്ടുമുതല്‍ പത്തുവരെയുള്ള പ്രദേശങ്ങളിലാണ് ഓറഞ്ച് ജാഗ്രത നല്‍കിയിരിക്കുന്നത്. അതീവ ജാഗ്രത എന്നതാണ് ഓറഞ്ച് ജാഗ്രത കൊണ്ട് അര്‍ത്ഥമാക്കുന്നത്. കളമശേരി, ഒല്ലൂര്‍, ബേപ്പൂര്‍, മാനന്തവാടി, ധര്‍മ്മടം എന്നിവിടങ്ങളില്‍ യെല്ലോ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. മുന്‍കരുതല്‍ സ്വീകരിക്കേണ്ട സാഹചര്യമാണ് യെല്ലോ അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 



By admin