• Thu. Oct 16th, 2025

24×7 Live News

Apdin News

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് – Chandrika Daily

Byadmin

Oct 16, 2025


തിരുവനന്തപുരം: തുലാവര്‍ഷത്തിന്റെയും അറബിക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും തീവ്രമഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് തീവ്രമഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്.

തെക്കു കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇതിന് പുറമേ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ (തുലാവര്‍ഷം) കൂടി എത്തുന്നതാണ് വരുംദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി മഴ ലഭിക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിന് അടിസ്ഥാനം. വ്യാഴാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം ജില്ലയിലുമാണ് ഒറ്റപ്പെട്ട തീവ്രമഴ പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം ഉള്ളത്. മുന്നറിയിപ്പിന്റെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ശനിയാഴ്ച ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.



By admin