• Sun. Oct 26th, 2025

24×7 Live News

Apdin News

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; രണ്ട് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് – Chandrika Daily

Byadmin

Oct 25, 2025


സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദങ്ങള്‍ മൂലമാണ് മഴ ശക്തിപ്രാപിക്കുന്നത്.

മധ്യ-കിഴക്കന്‍ അറബിക്കടലിന് മുകളിലാണ് ഇപ്പോള്‍ തീവ്രന്യൂനമര്‍ദം നിലനില്‍ക്കുന്നത്. ഇതിനു മുന്‍പ് അതേ പ്രദേശത്തും സമീപമുള്ള കര്‍ണാടകവടക്കന്‍ കേരള തീരപ്രദേശങ്ങളിലും നിലനിന്നിരുന്ന ചക്രവാതച്ചുഴി ഇപ്പോള്‍ അറബിക്കടലിലെ തീവ്രന്യൂനമര്‍ദവുമായി ലയിച്ചിരിക്കുകയാണ്.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനുള്ള സാധ്യതയുണ്ട്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും തെക്കന്‍ ആന്‍ഡമാന്‍ കടലിന്റെയും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി ഇപ്പോള്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി, ഒക്ടോബര്‍ 25-നകം തീവ്രന്യൂനമര്‍ദമാവുകയും, 27-നകം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുകയും ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഒക്ടോബര്‍ 28 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇന്ന് മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും മധ്യ-കിഴക്കന്‍ അറബിക്കടലിന്റെയും തെക്കന്‍ ഭാഗങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും, ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കടലില്‍ മോശം കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 



By admin