തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും അതിശക്തമായ മഴയ്ക്കാണ് സാധ്യത.
തൃശൂര്‍, പാലക്കാട് ഒഴികെയുള്ള 12 ജില്ലകളില്‍ മഴമുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശപ്രകാരം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം.
നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ജനങ്ങളും മുന്‍കൂട്ടി ജാഗ്രത പാലിച്ച് അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം.
ദുരന്തസാധ്യത പ്രദേശങ്ങളിലെവര്‍ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു ക്യാമ്പുകളുടെ നിലവാരം ഉറപ്പാക്കി പകല്‍ സമയത്ത് തന്നെ മാറി താമസിക്കണം.
ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളിലും മേല്‍ക്കൂര ദുർബലമായ വീടുകളിലും താമസിക്കുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
കാറ്റില്‍ മരങ്ങള്‍ അല്ലെങ്കില്‍ പോസ്റ്റുകള്‍ വീണ് അപകടം സംഭവിക്കാതിരിക്കാനായി പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ sdma.kerala.gov.in/windwarning ലിങ്കിലൂടെ ലഭ്യമാണ്.
യാത്രയും സുരക്ഷയും
ശക്തമായ മഴക്കാലത്ത് നദികള്‍ മുറിച്ചു കടക്കാനോ, കുളിക്കാനോ, മീന്‍പിടിക്കാനോ, ജലാശയങ്ങള്‍ക്ക് സമീപം പോകാനോ പാടില്ല.
പാലങ്ങളിലോ ജലാശയങ്ങളിലോ സെല്‍ഫി എടുക്കുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം.
അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വെള്ളച്ചാട്ടങ്ങളിലേക്കും മലപ്രദേശങ്ങളിലേക്കും വിനോദയാത്രകള്‍ നടത്തരുത്.
ജലാശയങ്ങള്‍ക്കരികിലുള്ള റോഡുകളിലും അറ്റകുറ്റപ്പണികള്‍ നടക്കുന്ന വഴികളിലും വിശേഷ ജാഗ്രത പാലിക്കണം.
ജലാശയങ്ങള്‍ കരകവിഞ്ഞൊഴുകുന്നിടത്ത് വാഹനമോടിക്കാന്‍ ശ്രമിക്കരുത്.
അപകടാവസ്ഥയിലുള്ള മരങ്ങള്‍, പോസ്റ്റുകള്‍, മതിലുകള്‍ എന്നിവ സുരക്ഷിതമാക്കണമെന്നും അപകടസാധ്യതകളെ ഉടന്‍ അധികൃതരെ അറിയിക്കണമെന്നും നിര്‍ദ്ദേശം.