ധനഞെരുക്കത്തിൽനിന്ന് കേരളം അതിജീവിച്ചു എന്ന പച്ചക്കള്ളമാണ് ബജറ്റിന്റെ ആമുഖമെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. പാവപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട പെൻഷനുകൾ പോലും മുടങ്ങിക്കിടക്കുകയാണ്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കൊടുക്കുന്ന ആശ്വാസകിരണം മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. അനാഥ മക്കൾക്ക് പഠിക്കാനുള്ള പണം കൊടുക്കുന്നില്ല.
കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയ കുട്ടികൾ തുടർന്നുള്ള പണം കിട്ടാത്തതിന്റെ പേരിൽ കേൾവി ശക്തി നഷ്ടമാകുന്ന അവസ്ഥയിലാണ്. എൽ.എസ്.എസ്-യു.എസ്.എസ് സ്‌കോളർഷിപ്പ് കുടിശ്ശികയാണ്. ആ പദ്ധതിയുടെ പേര് മാറ്റും എന്നാണ് ബജറ്റിൽ പറയുന്നത്. കാരുണ്യ വഴി കോഴിക്കോട് മെഡിക്കൽ കോളേജിന് മാത്രം 100 കോടിയാണ് കിട്ടാനുള്ളത്.
ആൻജിയോപ്ലാസ്റ്റി മുടങ്ങിയിരിക്കുകയാണ്. ഫ്‌ളൂയിഡ് ഇല്ലാത്തത് കൊണ്ട് ഡയാലിസിസ് മുടങ്ങിയിരിക്കുകയാണ്. സ്‌കോളർഷിപ്പുകളും മുടങ്ങിയിരിക്കുകയാണ്. ഈ വസ്തുതകളൊക്കെ അവഗണിച്ച് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.