പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനടപടികള്‍ക്കെതിരെ വിവിധ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ കേരള സംയുക്ത കര്‍ഷക വേദി രൂപീകരിച്ചു. സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് ഭാവിപരിപാടികള്‍ക്കും പാലക്കാട് ചേര്‍ന്ന കര്‍ഷക കണ്‍വന്‍ഷന്‍ രൂപം നല്‍കി.
‘കൃഷി വളരണം.. കര്‍ഷകന് ജീവിക്കണം’ എന്ന മുദ്രാവാക്യവുമായി 29ന് സെക്രട്ടറിയേറ്റിന് മുന്നില്‍ കര്‍ഷക ധര്‍ണ നടത്താനും പാലക്കാട് നടന്ന നെല്‍കര്‍ഷക സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചതായി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരുവോണത്തിനകം കര്‍ഷകരുടെ പണം കൊടുത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷ ധര്‍ണയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം നല്‍കിയ പണം കേരള സര്‍ക്കാരിന്റെ കൈയിലുണ്ടായിട്ടും അത് നല്‍കാത്താത് കര്‍ഷകരോടുള്ള ചൂഷണമാണ്. മനുഷ്യാവകാശ ധ്വംസനമാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില 5.1 രൂപ വര്‍ധിപ്പിച്ചപ്പോള്‍ കേരളം വെട്ടികുറയ്‌ക്കുകയാണ് ഉണ്ടായത്. കേന്ദ്രത്തിന് ആനുപാതികമായി കേരളവും വര്‍ധിപ്പിച്ചിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് ഒരു കിലോയ്‌ക്ക് 33 രൂപ ലഭിക്കുമായിരുന്നു. കേന്ദ്രം കര്‍ഷകര്‍ക്ക് അനുവദിച്ച തുക നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക തിരിമറി നടത്തുകയാണ്. കെഎസ്ആര്‍ടിസി, വിദ്യാഭ്യാസമേഖല, ആരോഗ്യമേഖല എന്നിവയ്‌ക്ക് തുക അനുവദിക്കുന്നത് പോലെ കാര്‍ഷികമേഖലയ്‌ക്കും തുക അനുവദിക്കണം.കര്‍ഷകരുടെ നെല്ലെടുത്താല്‍ പണം നല്‍കാനുള്ള നിയമപരമായ ബാധ്യത സര്‍ക്കാരിനുണ്ടെന്നും അത് ഔദാര്യമല്ല എന്നും കുമ്മനം പറഞ്ഞു.
നെല്ല് സംഭരിച്ചുകഴിഞ്ഞാല്‍ 48 മണിക്കൂറിനകം വില നല്‍കണമെന്ന് കേന്ദ്രവും- സംസ്ഥാനവും തമ്മില്‍ ഒപ്പിട്ട ധാരണാപ്രതത്തില്‍ പറയുന്നു. നിബന്ധനകള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നെല്ല് സംഭരിക്കാന്‍ തയ്യാറാണെന്നും ധാരാണാപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ എഫ്സിഐയാണ് നെല്ലെടുക്കുന്നത്.
കേരള സര്‍ക്കാര്‍ പറയുകയാണെങ്കില്‍ കേന്ദ്രീകൃതമായ സംഭരണവ്യവസ്ഥ കൊണ്ടുവരാന്‍ കേന്ദ്രവും എഫ്സിഐയും തയ്യാറാണെന്നും കുമ്മനം വ്യക്തമാക്കി. എന്നാല്‍ ഇതിനൊന്നും സര്‍ക്കാര്‍ തയ്യാറാവുന്നില്ല. എന്‍സിസിഎഫ് വഴി നെല്ല് സംഭരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്.മുഴുവന്‍ നെല്ലും സംഭരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കേരളം 104 കോടിരൂപയാണ് കുടിശ്ശികയായി അടയ്‌ക്കാനുള്ളത്. കേന്ദ്രം 2600 കോടി നല്‍കാനുണ്ടെന്ന് സംസ്ഥാന ഭക്ഷ്യവിതരണ വകുപ്പ് മന്ത്രി പറഞ്ഞത് എന്തിനത്തിലാണെന്നും, അതിന്റെ രേഖകള്‍ സമര്‍പ്പിച്ചോ എന്നും കുമ്മനം ചോദിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളം കേന്ദ്രത്തിന് ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേന്ദ്രം 10,800 കോടിരൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനായി കേരളത്തിന് നല്‍കിയിട്ടുള്ളത്. കള്ളക്കണക്ക് പറഞ്ഞോ, തെറ്റായ വിവരങ്ങള്‍ നല്‍കിയോ കര്‍ഷകരുടെ ആവശ്യങ്ങള്‍ നിഷേധിക്കാന്‍ ഓരോ കാരണങ്ങള്‍ ഉണ്ടാക്കരുത്. കേന്ദ്രം കര്‍ഷകര്‍ക്ക് നല്‍കിയ പണം കേരളം കൊടുക്കേണ്ടതാണ്. ഉടന്‍ തന്നെ സംഭരിച്ച നെല്ലിന്റെ വില തിരുവോണത്തിന് മുമ്പായി സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കണം.
വന്യജീവി ആക്രമണം ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങളാണ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷിപ്പണി ഉള്‍പ്പെടുത്തണം.നെല്ലറെയെ കര്‍ഷകരുടെ കല്ലറയാക്കരുതെന്നാണ് കര്‍ഷകര്‍ക്ക് പറയാനുളളത്. സപ്ലൈകോയുടെ നെല്ലുസംഭരണത്തില്‍ ചുമട്ടുകൂലി, ചാക്കിന്റെ വില എന്നിവ വഹിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. നെല്ല് വില നല്‍കുന്നതിന് പകരം പിആര്‍എസ് വായ്പയായി നല്‍കുന്നത് അവസാനിപ്പിക്കണം. നെല്ല് സംഭരിച്ച് 48 മണിക്കൂറിനകം കര്‍ഷകര്‍ക്ക് പണം ലഭിക്കണം. ഇതിന് ബജറ്റില്‍ തുക വകയിരുത്തണമെന്നും പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകരോടുള്ള നിഷേധാത്മക നിലപാട് തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ ഏത് സര്‍ക്കാരിന് മുന്നിലും സമ്മര്‍ദ്ദം ചെലുത്തും. കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്നും കര്‍ഷകരില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ആരായുമെന്നും കുമ്മനം പറഞ്ഞു. മാത്രമല്ല, മീന്‍ വളര്‍ത്തലിന് പാടശേഖരങ്ങളെ എങ്ങിനെ ഉപയോഗിക്കാം എന്നത് സംബന്ധിച്ച് പഠിക്കുന്നതിന് ഫിഷറീസ് വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഒരു സംഘം 22ന് കേരളത്തിലെത്തും.
പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍, ദേശീയ കര്‍ഷകസമാജം പ്രസിഡന്റ് മുതലാംതോട് മണി, അപ്പര്‍ കുട്ടനാട് നെല്‍കര്‍ഷക കൂട്ടായ്മ ഗോപന്‍ ചെന്നിത്തല, ജോര്‍ജ് മാത്യു എന്നിവരും പങ്കെടുത്തു
കേരള സംയുക്ത കര്‍ഷക വേദി ഭാരവാഹികള്‍
രക്ഷാധികാരി : കുമ്മനം രാജശേഖരന്‍
ചെയര്‍മാന്‍ : കൃഷ്ണപ്രസാദ്
( രക്ഷാധികാരി , കുട്ടനാട് നെല്‍കര്‍ഷക സംരക്ഷണ സമിതി )
വര്‍ക്കിംഗ് ചെയര്‍മാന്‍ : സി . കൃഷ്ണകുമാര്‍
വൈസ് ചെയര്‍മാന്മാര്‍ :
1. ചിദംബരന്‍കുട്ടി മാസ്റ്റര്‍
രക്ഷാധികാരി ,
കര്‍ഷക സംരക്ഷണ വേദി
2. ജോര്‍ജ് മാത്യു , കുട്ടനാട്
3. അനിയന്‍ , കൊച്ചുവാവ കാട് നെല്‍ കര്‍ഷക സമിതി
4. മുതലാംതോട് മണി
പ്രസിഡന്റ് , ദേശീയ കര്‍ഷക സമാജം
5. പാണ്ടിയോട് പ്രഭാകരന്‍
ദേശീയ കര്‍ഷക സംരക്ഷണ സമിതി
6. സി . പ്രഭാകരന്‍ , ജനറല്‍ സെക്രട്ടറി ദേശീയ കര്‍ഷക സംരക്ഷണ സമിതി
7. ഇ. ഉദയകുമാര്‍ , കിസാന്‍ സംഘ് ദേശീയ സമിതി അംഗം
ജനറല്‍ കണ്‍വീനര്‍ :
ഷാജി രാഘവന്‍
സംസ്ഥാന പ്രസിഡന്റ് ,കര്‍ഷക മോര്‍ച്ച
കണ്‍വീനന്മാര്‍ :
1. സാം ഈപ്പന്‍
ചെയര്‍മാന്‍ കുട്ടനാട് കര്‍ഷക സമിതി
2. ഗോപന്‍ ചെന്നിത്തല
അപ്പര്‍ കുട്ടനാട് നെല്‍ കര്‍ഷക കൂട്ടായ്മ
3. എം . വി രാജേന്ദ്രന്‍
പ്രസിഡന്റ് , നെല്‍ കര്‍ഷക സംഘം , കുട്ടനാട്
4. അഡ്വ .ശിവശങ്കരന്‍
ചെയര്‍മാന്‍ , പറമ്പിക്കുളം ആളിയാര്‍ ജല സംരക്ഷണ സമിതി
5. പ്രകാശന്‍ , കണ്‍വീനര്‍ , കുഴല്‍മന്ദം ബ്ലോക്ക് നെല്‍കര്‍ഷക കോര്‍ഡിനേഷന്‍ കമ്മിറ്റി
6. സജീഷ് കുത്തന്നൂര്‍ ,സെക്രട്ടറി കര്‍ഷക മുന്നേറ്റം
7. സോണിച്ചന്‍ ആന്റണി ചെയര്‍മാന്‍, നെല്‍ കര്‍ഷക സംരക്ഷണ സമിതി കുട്ടനാട്
8. ആന്റണി ചമ്പക്കുളം
കൃഷി ഗവേഷകന്‍
9. അനില്‍ തോട്ടങ്കര , അമ്പലപ്പുഴ നെല്‍ കര്‍ഷക വേദി
10. അനീഷ് ഇയാല്‍ , പ്രസിഡന്റ് മുല്ലിങ്കല്‍ ചിറ പാടശേഖര സമിതി
11. എം . വി രാമചന്ദ്രന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ,
1കര്‍ഷക മോര്‍ച്ച
12. പുതുശ്ശേരി ശ്രീനിവാസന്‍
ജൈവ കര്‍ഷകന്‍ , ഗാന്ധി ആശ്രമം , പാലക്കാട്
13. വിജയന്‍ . സി പ്രസിഡന്റ്
കര്‍ഷക സംരക്ഷണ സമിതി
14. കെ . ജി അരവിന്ദാക്ഷന്‍
ഡയറക്ടര്‍ , തൃശൂര്‍ പാഡി പ്രൊഡ്യൂസര്‍ കമ്പനി