• Wed. Jan 14th, 2026

24×7 Live News

Apdin News

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു; സാമൂഹ്യവ്യവസ്ഥിതി പൊളിച്ചെഴുതുന്നതിൽ കല വഹിച്ചിട്ടുള്ള പങ്ക് വളരെ വലുത്: മുഖ്യമന്ത്രി

Byadmin

Jan 14, 2026



തൃശൂർ: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എൻ എസ്‌ കെ ഉമേഷ് പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. രാവിലെ 11 മണിയോടെ പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു.

ആനന്ദം സൃഷ്‌ടിക്കുന്നവരാണ് കലാകാരന്മാർ. സാമൂഹ്യവ്യവസ്ഥിതി പൊളിച്ചെഴുതുന്നതിൽ കല വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. പണ്ട് സമ്മാനങ്ങൾക്ക് വേണ്ടിയല്ല, ഉള്ളിലെ കഴിവ് അവ‌ർ പോലുമറിയാതെ പുറത്തുവരികയായിരുന്നു. അങ്ങനെയാണ് ഗുഹാചിത്രങ്ങളും നാടൻ പാട്ടുകളും ഉണ്ടായത്. പണ്ട് ഓരോ കലയും ഓരോ ജാതിക്കാരുടെ ആയിരുന്നെങ്കിൽ പുതിയ കാലത്ത് എല്ലാം എല്ലാവരുടെയും കലയാണ്. കലയാണ് കലാകാരന്മാരുടെ മതം. ‘ – പിണറായി വിജയൻ പറഞ്ഞു.

ആദ്യസംസ്ഥാന കലോത്സവം വെറും ഒരു ദിവസമായിരുന്നുവെന്നും അന്ന് 200 വിദ്യാർത്ഥികളാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ‘കലോത്സവത്തിന് വന്ന മാറ്റം അമ്പരപ്പിക്കുന്നതാണ്. ഇന്ന് പതിനാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. പരാതികൾക്കൊന്നും ഇടനൽകാതെയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കലോത്സവം നടക്കുന്നത്. ഇത്തവണയും അങ്ങനെതന്നെയാകാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

കുട്ടികൾ അവരുടെ ലോകത്ത് വിഹരിക്കട്ടെ. ഒന്നാംസ്ഥാനം നേടിയവർ മാത്രമല്ല കലാരംഗത്ത് മഹാന്മാരായി മാറിയിട്ടുള്ളത്. പ്രകടമാ‍യ ക്രമക്കേട് എവിടെയെങ്കിലും ഉണ്ടായാൽ അപ്പീൽ വഴി പരിശോധിക്കാം. മത്സരിക്കുന്നത് കുട്ടികളാണ് രക്ഷിതാക്കൾ അല്ലയെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കലോത്സവത്തിന്റെ ഭംഗി മത്സരബുദ്ധി കെടുത്താതെ നോക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

മന്ത്രിമാരായ കെ രാജൻ, വി ശിവൻകുട്ടി, ആർ ബിന്ദു, കേന്ദ്രസഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി, സർവംമായ എന്ന ചിത്രത്തിലെ നായിക റിയ ഷിബു ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ വേദിയിലുണ്ടായിരുന്നു.

By admin