കോഴിക്കോട് : വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശാ വർക്കർമാർ നടത്തുന്ന സമരം 36 ദിവസം പിന്നിടുമ്പോഴും പരിഹരിക്കാൻ തയ്യാറാകാത്ത പിണറായി സർക്കാർ അധികാര ലഹരിയിൽ മുങ്ങിയിരിക്കയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. അടിസ്ഥാന വർഗ്ഗത്തിൻ്റെ പേര് പറഞ്ഞ് അധികാരത്തിലേറിയ സർക്കാർ മുതലാളി വർഗ്ഗത്തെ വാരിപ്പുണരുന്ന കാഴ്ച്ചയാണ് കേരളം കണ്ട് കൊണ്ടിരിക്കുന്നത്.
കേരളത്തിലേക്ക് സ്വകാര്യ നിക്ഷേപത്തിനായി കുത്തക മുതലാളിമാർക്ക് പിന്നാലെ പോകുന്ന പിണറായി സർക്കാർ പാവപ്പെട്ട തൊഴിലാളികളുടെ ജീവിതസമരത്തോട് മുഖം തിരിഞ്ഞ് നിൽക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആശാ വർക്കർമാർ സമരം നടത്തുന്നത്.
എന്നാൽ സമരക്കാരെ ചർച്ചക്ക് പോലും വിളിക്കാതെ അവഹേളന പ്രസ്താവനകൾ നടത്താനും കേസുകൾ ചുമത്താനുമാണ് പിണറായി സർക്കാറും സി.പി.എം നേതാക്കളും താൽപര്യം കാണിക്കുന്നത്. ആശാ വർക്കർമാരുടെ വിഷയത്തിൽ കേന്ദ്രവും കേരളവും പരസ്പരം പഴിചാരുന്നുവെന്നല്ലാതെ പരിഹരിക്കാനുള്ള ഒരു നീക്കവും നടത്തുന്നില്ല. മാത്രവുമല്ല സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച ഇന്നലെ ആശമാർക്ക് പ്രത്യേക പരിശീലന ക്ലാസ് ഉണ്ടെന്ന ഉത്തരവിറക്കി സമരത്തെ പൊളിക്കാൻ കുതന്ത്രം ഒരുക്കുകയാണ് സർക്കാർ ചെയ്തതെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
കേരളത്തിലെ വർധിച്ച് വരുന്ന ലഹരി അക്രമങ്ങളെ പ്രതിരോധിക്കുന്നതിൽ ഇടത് സർക്കാർ പൂർണ്ണ പരാജയമായിരിക്കുകയാണ്. ലഹരി സംഘത്തെ കയറൂരി വിട്ട് കേരളത്തെ തകർക്കുന്നതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്നും പിണറായി സർക്കാറിന് ഒഴിഞ്ഞ് മാറാനാവില്ലെന്നും യോഗം വ്യക്തമാക്കി. ലഹരിക്കെതിരെ യൂത്ത് ലീഗ് നടത്തുന്ന പോരാട്ടം കൂടുതൽ ശക്തമാക്കാനും യോഗം തീരുമാനിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. ട്രഷറർ പി. ഇസ്മായില്‍ നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, അഡ്വ. ഫാത്തിമ തെഹ്‌ലിയ, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി അഷ്‌റഫലി പ്രസംഗിച്ചു.
അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, പി.സി നസീര്‍, എം.പി നവാസ്, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, പി.എ സലീം, കെ.പി സുബൈര്‍, പി.എച്ച് സുധീര്‍, പി.എം നിസാമുദ്ദീന്‍, അഡ്വ. വി.പി നാസര്‍, അമീർ ചേനപ്പാടി, മുഹമ്മദ് ഹനീഫ, എ. ജാഫര്‍ ഖാന്‍, ഷാഫി കാട്ടില്‍, ഷിബി കാസിം, റെജി തടിക്കാട്, ടി.ഡി കബീര്‍, ഇ.എ.എം അമീന്‍, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, കുരിക്കള്‍ മുനീര്‍, എ.എം അലി അസ്ഗര്‍, എ. സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി, കെ.എം ഖലീല്‍, ശരീഫ് സാഗര്‍, വി.കെ.എം ഷാഫി, അഡ്വ. എന്‍.എ കരീം, അന്‍വന്‍ ഷാഫി ഹുദവി, ഷബീര്‍ ഷാജഹാന്‍, പി.കെ നവാസ്, സി.കെ നജാഫ് ചർച്ചയിൽ പങ്കെടുത്തു.