• Fri. Nov 22nd, 2024

24×7 Live News

Apdin News

സജി ചെറിയാൻ രാജി വെക്കേണ്ടെ : മന്ത്രിയെ കാത്തുസംരക്ഷിച്ച് സിപിഎം

Byadmin

Nov 22, 2024


തിരുവനന്തപുരം : ഭരണഘടനാ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെ സംരക്ഷിച്ച് സിപിഎം. മന്ത്രി രാജി വെക്കേണ്ടെന്ന് സിപിഎം പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമായി. വിഷയത്തിൽ സർക്കാർ നിയമോപദേശം തേടുമെന്നും പാർട്ടി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.

ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദം തള്ളിയായിരുന്നു നടപടി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മജിസ്ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികൾ പരിഗണിക്കാതെയെന്ന വാദത്തിൽ ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു.

അതേ സമയം ഭരണഘടനാ പരാമർശത്തിലെ പ്രതികൂല വിധിയിൽ പ്രതികരിച്ച മന്ത്രി കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും പഠിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നുമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്.

തനിക്ക് നിയമനടപടി സ്വീകരിക്കാനുള്ള അവകാശം ഉണ്ടെന്നും ഇത് അന്തിമ വിധി അല്ലല്ലോയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോടതി വിധിയിൽ താൻ രാജി വെക്കില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.



By admin