സംസ്‌കാരത്തിന്റെ ആരംഭകാലംതൊട്ടേ മനുഷ്യനിലെ ജന്മസിദ്ധമായ ജിജ്ഞാസ അവനെ പ്രപഞ്ചരഹസ്യങ്ങളിലേക്ക് എത്തിനോക്കാന്‍ പ്രേരിപ്പിച്ചിരുന്നു. ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവാര്? ഞാനാര്? ഞാനെവിടെനിന്നുവരുന്നു? മരണാനന്തരം ഞാന്‍ എവിടേക്കു പോകുന്നു? – അവനുയര്‍ത്തിയ അടിസ്ഥാനപരമായ ചോദ്യങ്ങളായിരുന്നു ഇവ. ഈ അടിസ്ഥാന പ്രശ്‌നങ്ങളുടെ ഉത്തരങ്ങള്‍ക്കുവേണ്ടിയുള്ള അവന്റെ നിരന്തരമായ അന്വേഷണമാണ് തത്ത്വചിന്തയുടെ ഉദ്ഭവത്തിനും വളര്‍ച്ചയ്‌ക്കും വഴിതെളിച്ചത്.
പാശ്ചാത്യര്‍ ഉത്തരത്തിനുവേണ്ടി ബാഹ്യലോകത്തിലേക്ക് തിരിഞ്ഞപ്പോള്‍ ഹിന്ദു ഋഷിമാര്‍ തങ്ങളുടെ ദൃഷ്ടികള്‍ ഉള്ളിലേക്ക് തിരിച്ച് തപസ്സിലൂടെയും ആത്മീയതയിലൂടെയും അവരുടേതായ ഉത്തരങ്ങള്‍ കണ്ടെത്തി. അതിന്റെ ഫലമാണ് ‘ഷഡ്ദര്‍ശനങ്ങള്‍’ (ഹിന്ദുമതത്തിലെ ആറ് തത്ത്വചിന്താസരണികള്‍.) നാസ്തികദര്‍ശനങ്ങളായ ചാര്‍വാക, ജൈന, ബുദ്ധ ദര്‍ശനങ്ങളേയും ഹൈന്ദവ ദര്‍ശനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. ദര്‍ശനമെന്നാല്‍ ‘സത്യത്തിന്റെ കണ്ടെത്തല്‍’ എന്നര്‍ത്ഥം. ശുദ്ധമായ ധിഷണാഭ്യാസത്തില്‍ വേരുറച്ച തത്ത്വചിന്തയും ഏതാനും അനുഷ്ഠാനങ്ങളെ മാത്രം ആധാരമാക്കിയുള്ള മതവും തമ്മില്‍ കടിച്ചുകീറുന്ന പാശ്ചാത്യനാടുകളില്‍നിന്നും തികച്ചും ഭിന്നമായിരുന്നു സനാതനധര്‍മ്മ തത്ത്വശാസ്ത്രം. അത് മതത്തിന്റെ തത്ത്വശാസ്ത്രവും മതം തത്ത്വചിന്താ നിഗമനങ്ങളുടെ അധിഷ്ഠാനവും ആയിരുന്നു.
ഷഡ്ദര്‍ശനങ്ങള്‍ താഴെ പറയുന്നു:
1. ഗൗതമ മഹര്‍ഷിയുടെ ‘ന്യായദര്‍ശനം’
2. കണാദ മഹര്‍ഷിയുടെ ‘വൈശേഷികം ദര്‍ശനം’
3. കപില മഹര്‍ഷിയുടെ ‘സാംഖ്യ ദര്‍ശനം’
4. പതഞ്ജലി മഹര്‍ഷിയുടെ ‘യോഗദര്‍ശനം’
5. ജൈമിനി മഹര്‍ഷിയുടെ ‘മീമാംസാ ദര്‍ശനം’
6. ബാദരായണ (വ്യാസന്‍) മഹര്‍ഷിയുടെ ‘വേദാന്ത ദര്‍ശനം’
ന്യായദര്‍ശനവും വൈശേഷികദര്‍ശനവും സൃഷ്ടിയില്‍ പരമാണുസിദ്ധാന്തത്തെ മുന്നോട്ടുവയ്‌ക്കുന്നു. സാംഖ്യദര്‍ശനം സിദ്ധാന്തിക്കുന്നത് പ്രപഞ്ചസൃഷ്ടിയുടെ ആത്യന്തിക ഘടകങ്ങള്‍ സചേതനമായ ആത്മാവും, അചേതനമായ ജഡവുമാണെന്നാണ്. മനസ്സിന്റെ സാധനയെ പ്രതിപാദിക്കുന്നതാണ് യോഗദര്‍ശനം. പൂര്‍വമീമാംസയാകട്ടെ വൈദികയജ്ഞങ്ങള്‍ക്ക് പ്രാമുഖ്യം കല്പിക്കുന്നു.
അവസാനത്തേതും എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടതുമാണ് വേദാന്തദര്‍ശനം. ദര്‍ശനങ്ങളുടെയെല്ലാം മകുടമണിയാണ് വേദാന്തദര്‍ശനം. ഹിന്ദുമതത്തിന്റെ തത്ത്വശാസ്ത്രം എന്ന് അനായാസം വിളിക്കാവുന്നത് ഇതിനെയാണ്. ‘വേദത്തിന്റെ പാ
രമ്യം അഥവാ അവസാനം’ എന്നാണ് ‘വേദാന്തം’ എന്നതിന്റെ അര്‍ത്ഥം. ഉപനിഷത്തുകള്‍, ഗീത, ബ്രഹ്മസൂത്രങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഈ മൂന്നു കൃതികളും കൂടി ‘പ്രസ്ഥാനത്രയം’ എന്നറിയപ്പെടുന്നു. തത്ത്വചിന്ത ഉയര്‍ത്തുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും യുക്തിപൂര്‍വമായ ഉത്തരങ്ങള്‍ നല്‍കുന്നത് ഇവയാണ്.
ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും തന്നിലേക്കുതന്നെ ഉപസംഹരിക്കുകയും ചെയ്യുന്ന പരമമായ ശക്തിയെ വേദാന്തം ‘ബ്രഹ്മം’ എന്നുവിളിക്കുന്നു. ഓരോ ജീവനും (ആത്മാവ്) ജനനമരണവിഹീനനും അനാദ്യനന്തനും
അനശ്വരനും ആണെന്ന് ഉപനിഷത്തുകള്‍, ഗീത, ബ്രഹ്മസൂത്രങ്ങള്‍ എന്നിവ സിദ്ധാന്തിക്കുന്നു. ബ്രഹ്മത്തെ ഭജിച്ചുകൊണ്ട് ഇതിനെ അറിയുന്നതിലൂടെ മോക്ഷം (ജനനമരണങ്ങളില്‍നിന്നുള്ള മോചനം) പ്രാപിക്കാം. മുക്തമായ ആത്മാവ് ഒരിക്കലും ലൗകികജീവിതത്തിലേക്ക് തിരിച്ചുവരുന്നില്ല. ഇവയാണ് അതിലെ തത്ത്വങ്ങളുടെ രത്‌നച്ചുരുക്കം.