ന്യൂദല്‍ഹി: പോലീസ് അതിക്രമങ്ങള്‍ ചിത്രീകരിച്ചതിന്റെ പേരില്‍ സന്തോഷ് എന്ന ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത് തടഞ്ഞ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‌റെ തീരുമാനത്തെ ‘നിരാശജനകവും ഹൃദയഭേദകവുമാണെന്ന്’ സംവിധായിക സന്ധ്യ സൂരി വിശേഷിപ്പിച്ചു. ‘ഇത് അത്ഭുതമാണ് . കാരണം ഈ വിഷയങ്ങള്‍ ഇന്ത്യന്‍ സിനിമയ്‌ക്ക് പുതിയതാണെന്നോ മറ്റ് സിനിമകള്‍ മുമ്പ് ഉന്നയിച്ചിട്ടില്ലെന്നോ എനിക്ക് തോന്നിയിട്ടില്ല,’ അവര്‍ പറഞ്ഞു.
ഉത്തരേന്ത്യയുടെ പശ്ചാത്തലത്തിലാണ് ഈ ഹിന്ദിചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സ്ത്രീവിരുദ്ധത, ദലിതര്‍ക്കെതിരായ വിവേചനം, ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം, താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍, മുസ്ലീം വിരുദ്ധവികാരങ്ങള്‍ എന്നിവയുടെ പേരില്‍ ചിത്രം വിവാദത്തിലായിരുന്നു.
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച സന്തോഷ് , ഓസ്‌കാറിന്റെ അന്താരാഷ്‌ട്ര ഫീച്ചര്‍ വിഭാഗത്തിലേക്കുള്ള യുകെയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു. ചിത്രത്തിലെ പ്രധാന നടി ഷഹാന ഗോസ്വാമി അടുത്തിടെ ഏഷ്യന്‍ ഫിലിം അവാര്‍ഡുകളില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.