
ദിസ്പുര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം പൊരുതിത്തോറ്റു. സര്‍വീസസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍വി വഴങ്ങിയത്. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ തോല്‍വിയാണിത്.
ഇതോടെ സര്‍വീസസ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. അഭിഷേക് പവാറാണ് 18-ാം മിനിറ്റില്‍ സര്‍വീസസിനായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ കേരളത്തിന്റെ മധ്യനിര താരം മുഹമ്മദ് അഷര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
പത്തുപേരായി ചുരുങ്ങിയ കേരള അവസാന നിമിഷം വരെ പൊരുതിയെങ്കിലും സമനില ഗോള്‍ കണ്ടെത്താനായില്ല. കേരളം നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിരുന്നു. മൂന്നിന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ അസമാണ് കേരളത്തിന്റെ എതിരാളികള്‍.