കൊച്ചി: താനൂരിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ തനിക്കെതിരെ നടക്കുന്നത് അപവാദ പ്രചാരണമെന്ന് മുംബൈയിലെ സലൂൺ ഉടമ ലൂസി. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കുട്ടികളെയോ അവരോടൊപ്പം വന്ന യുവാവിനെയോ നേരത്തെ അറിയില്ലെന്നും സലൂൺ ഉടമ വ്യക്തമാക്കി.
തനിക്കും ഭർത്താവിനും എതിരെ ഒരു കേസും ഉണ്ടായിട്ടില്ല. തെളിവ് കാണിക്കാൻ ഞാന്‍ സന്ദീപ് വാര്യരെ വെല്ലുവിളിക്കുന്നു. ഇടക്കാലത്ത് കട അടച്ചിട്ടത് നവീകരണ പ്രവർത്തികൾക്കായി. അല്ലാതെ ആരും പൂട്ടിച്ചിട്ടില്ല.-ലൂസി പറഞ്ഞു.
“സന്ദീപ് വാര്യര്‍ എന്ന ഒരാളാണ് എനിക്കെതിരെ പരാതി പറഞ്ഞിരിക്കുന്നത്. അയാള്‍ക്ക് എന്നെ അറിയില്ല. എനിക്ക് അയാളെയും അറിയില്ല. പ്രശസ്തി ആകാന്‍ വേണ്ടി അയാള്‍ ചെയ്യുന്നതായിരിക്കും ഇത്. അയാളുടെ കയ്യില്‍ തെളിവുണ്ടെന്നാണ് പറയുന്നത്. പ്രൂഫ് കാണട്ടെ. ഞങ്ങള്‍ എന്തായാലും സന്ദീപ് വാര്യര്‍ക്കെതിരെ നിയമനടപടികളിലേക്ക് കടക്കുകയാണ്”- ലൂസി പറഞ്ഞു.
ഈ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. അയാള്‍ പോസ്റ്റിടും. ഞാന്‍ അതിന് മറുപടിയായി പോസ്റ്റിടും. അങ്ങിനെ പോസ്റ്റിട്ട് കളിക്കാന്‍ എനിക്ക് സമയമില്ല. അതുകൊണ്ടാണ് നേരിട്ട് നിയമനടപടികളിലേക്ക് നീങ്ങുന്നത്. ഞങ്ങളെ തേജോവധം ചെയ്യുന്നതിനുള്ള പത്ത് വര്‍ഷമായി ജെന്‍റ്സിന് മാത്രമുള്ള സ്ഥാപനമായിരുന്നു അത്. ഹസ്ബന്‍റ് ആയിരുന്നു ഈ കട ആദ്യം നടത്തിയിരുന്നു. പക്ഷെ എനിക്ക് പുറത്തെ ഒരു ഷോപ്പില്‍ വര്‍ക്ക് ചെയ്ത് എക്സിപീരിയന്‍സ് ആയപ്പോഴാണ് ഹസ്ബന്‍റിനോട് ഇനി ഈ കട ഞാന്‍ നടത്തിക്കോളാം എന്ന് ഞാന്‍ പറഞ്ഞത്. അങ്ങിനെയാണ് ഞാന്‍ ഇതിനെ പെണ്‍കുട്ടികള്‍ക്കുള്ള സലൂണ്‍ ആക്കിമാറ്റിയത്. പണ്ട് ഇവിടെ ജോലി ചെയ്യുന്ന ഒരു മലയാളി യുവാവ് ഹാര്‍ട്ട് അറ്റാക് വന്ന് മരിച്ചിരുന്നു. ഞങ്ങളുടെ കടയിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്ന ആളായിരുന്നു മരിച്ചത്. അതേക്കുറിച്ചും സന്ദീപ് വാര്യര്‍ കുറെ അപവാദങ്ങള്‍ എഴുതിയിട്ടുണ്ട്. പക്ഷെ ഈ യുവാവിന്റെ ശരീരം നാട്ടിലേക്ക് അയാളുടെ അമ്മയും അനുജനും ചേര്‍ന്നാണ് കൊണ്ടുപോയിരിക്കുന്നത്. ഞങ്ങളുടെ ഈ സലൂണില്‍ റെയ്ഡ് നടന്നിട്ടില്ല. ജെന്‍റ്സ് മാത്രമുള്ള കടയില്‍ എന്തിനാണ് റെയ്ഡ് നടക്കുന്നത്. ഇപ്പോള്‍ യൂട്യൂബ് ചാനലില്‍ ഞങ്ങളുടെ കടയെ സ്പാ വരെ ആക്കിയിരിക്കുന്നു. എന്തിനാണ് അയാള്‍ എന്റെ പിന്നാലെ പിടിക്കുന്നത്? – ലൂസി വിശദമാക്കുന്നു.
സന്ദീപ് വാര്യരുടെ ആരോപണം
അതേസമയം താനൂരിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ മുംബൈയിലെ ബ്യൂട്ടിപാർലറിന്റെ റോൾ അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ നേരത്തെ . രംഗത്ത് വന്നിരുന്നു. അവിടെനിന്നും അറിഞ്ഞ കൃത്യമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചിരുന്നു. സലൂണില്‍ എത്തിയ കസ്റ്റമറുടെ വീഡിയോ എടുത്ത് സൂക്ഷിച്ചു എന്നൊക്കെ പറയുന്നതിലുള്ള അവിശ്വസനീയത കൊണ്ടാണ് ഈ സലൂണിനെക്കുറിച്ച് അന്വേഷിച്ചതെന്നും സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടിരുന്നു.
കൊവിഡിന് ഒന്നരവർഷം മുമ്പ് ഈ സ്ഥാപനത്തിനെതിരെ മുംബൈ പോലീസിന്റെ എന്തെങ്കിലും നടപടി വന്നിരുന്നോ എന്ന് അന്വേഷിക്കണം. എന്തുകൊണ്ടാണ് പേര് മാറ്റി ഈ സ്ഥാപനം വീണ്ടും പ്രവർത്തനം ആരംഭിക്കേണ്ടി വന്നതെന്നും സന്ദീപ് ചോദിച്ചു. പാലാരിവട്ടംകാരനായ ഒരാളുടെ സലൂൺ ആണിത്. അറിഞ്ഞ വിവരങ്ങൾ പൊലീസിന് നൽകാൻ തയാറാണ്. മാധ്യമങ്ങൾ ആരെയും അന്ധമായി വിശ്വസിക്കരുതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.