പത്തനംതിട്ട: സ്വര്‍ണ മോഷണ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല സന്നിധാനത്തെ സ്‌ട്രോംഗ് റൂമില്‍ ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുളള പരിശോധന പൂര്‍ത്തിയായി. ആറന്മുളയിലെ സ്‌ട്രോംഗ് റൂം പിന്നീട് പരിശോധിക്കും.
അതേസമയം, ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം തലവന്‍ എഡിജിപി എച്ച് വെങ്കിടേഷ് ചൊവ്വാഴ്ച സന്നിധാനത്ത് എത്തും.
കഴിഞ്ഞ മൂന്ന് ദിവസമായി ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തില്‍ സന്നിധാനത്തെ സ്‌ട്രോംഗ് റൂമില്‍ പരിശോധന നടന്നു വരികയായിരുന്നു.ചെന്നൈയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി എത്തിച്ച ദ്വാരപാലക ശില്‍പങ്ങള്‍ വിശദമായി സംഘം പരിശോധിച്ചു.
പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞദിവസം സന്നിധാനത്ത് എത്തി സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ ശേഖരിച്ചിരുന്നു. ഇവരുടെ പത്തനംതിട്ടയിലെ ക്യാമ്പ് ഓഫീസ് ഉടന്‍ സജ്ജമാകും.
അതേസമയം, പ്രത്യേക അന്വേഷണ സംഘത്തിലെ ഇന്‍സ്‌പെക്ടര്‍മാരായ അനീഷ്, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ വിവാദ കാലയളവില്‍ ദേവസ്വം വിജിലന്‍സില്‍ ഉദ്യോഗസ്ഥരായിരുന്നു എന്ന് വി എച്ച് പി ചൂണ്ടിക്കാട്ടി. ഇത് അന്വഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് വിഎച്ച്പി ആരോപണം. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ച സംഘടന സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്.