
പി.എ. വേണുനാഥ്, സജിത്ത് പരമേശ്വരന്‍
സന്നിധാനം/പത്തനംതിട്ട: സുഗമ തീര്‍ത്ഥാടനത്തിന് മുന്നൊരുക്കങ്ങളും ആസൂത്രണവും നടത്താത്ത ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥയും സര്‍ക്കാരിന്റെ അലംഭാവവും മൂലം മണ്ഡല കാലത്തിന്റെ തുടക്കത്തില്‍ത്തന്നെ ശബരീശ ഭക്തര്‍ക്ക് സമാനതകളില്ലാത്ത ദുരിതം. അനിയന്ത്രിതമായ തിരക്കിനെ തുടര്‍ന്ന് ദര്‍ശനം പാതിവഴി അവസാനിപ്പിച്ച് ഭക്തര്‍ മടങ്ങുക വരെ ചെയ്തു. തിക്കിലും തിരക്കിലും കുടിവെള്ളം ലഭിക്കാതെ കൊച്ചുകുട്ടികള്‍ അടക്കമുള്ളവര്‍ തളര്‍ന്നുവീണു. അപ്പാച്ചിമേട്ടില്‍ തളര്‍ന്നുവീണ തീര്‍ത്ഥാടക മരിച്ചു. പമ്പയില്‍ നിന്നു വലിയ നടപ്പന്തല്‍ വരെയെത്താന്‍ വേണ്ടി വന്നത് ആറു മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ. തിരക്കു നിയന്ത്രണാതീതമായതോടെ ഭക്തര്‍ ബാരിക്കേഡുകള്‍ ചാടിക്കടന്നു. ബാരിക്കേഡുകള്‍ ഒടിഞ്ഞു. വലിയ നടപ്പന്തലില്‍ ഭക്തര്‍ നിറഞ്ഞതിനാല്‍ ദര്‍ശനം കഴിഞ്ഞ അയ്യപ്പന്മാരുടെ മടക്ക യാത്രയ്‌ക്കും തടസം നേരിട്ടു.
നിലയ്‌ക്കലില്‍ കുടിവെള്ളമില്ല, വിരിവയ്‌ക്കാന്‍ ഇടമില്ല. വാഹനങ്ങള്‍ പമ്പയ്‌ക്ക് കടത്തി വിടാത്തതിനാല്‍ പാര്‍ക്കിങ്ങും തകിടം മറിഞ്ഞു. വെര്‍ച്വല്‍ ക്യൂവിലൂടെ 70,000 പേരും സ്‌പോട്ട് ബുക്കിങ്ങിലൂടെ 25,000 പേരും ഉള്‍പ്പെടെ പ്രതിദിനം 95,000 ഭക്തര്‍ക്ക് സുഗമ ദര്‍ശനം ഒരുക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. കണക്കിലധികം ഭക്തരെ സ്‌പോട്ട് ബുക്കിങ്ങിലൂടെ കടത്തിവിട്ടതാണ് സന്നിധാനത്ത് തിരക്കും ദുരിതവുമുണ്ടാക്കിയത്. ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും വീഴ്ചയാണ് മുഖ്യകാരണം. തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നെന്നാണ് സംശയം. ദര്‍ശനം കിട്ടാതെ ഭക്തര്‍ തിരിച്ചുപോകുന്ന അവസ്ഥ സര്‍ക്കാര്‍ തുടക്കത്തില്‍ത്തന്നെ സൃഷ്ടിച്ചത് ഇതിനാണ്.
പമ്പ-സന്നിധാനം പാതയില്‍ പലയിടത്തും രാത്രി വെളിച്ചം മുടങ്ങിയതോടെ തീര്‍ത്ഥാടകര്‍ ബാരിക്കേഡുകള്‍ മറികടന്ന് പുറത്തിറങ്ങി. മരക്കൂട്ടത്ത് വേലിക്കെട്ട് തകര്‍ത്ത് വനത്തിലൂടെ ചന്ദ്രാനന്ദന്‍ റോഡിലെത്തി. ഇവിടെ നിന്നു ബെയ്ലിപ്പാലം വഴി തിരുമുറ്റത്തെത്തി. രാത്രി വനത്തിലൂടെ മൊബൈലിന്റെ വെളിച്ചത്തില്‍ സഞ്ചരിച്ച പലര്‍ക്കും പരിക്കേറ്റു. തമിഴ്നാട് സ്വദേശിയായ ഒരു കുട്ടിയെ കാണാതായി.
നിലയ്‌ക്കല്‍, പമ്പ, മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകരെ മണിക്കൂറുകളോളം തടഞ്ഞു. എരുമേലിയില്‍ ഭക്തര്‍ തിങ്ങി നിറഞ്ഞപ്പോള്‍ത്തന്നെ സന്നിധാനത്ത് തിരക്ക് വര്‍ധിക്കുമെന്ന് മനസിലാക്കി കൂടുതല്‍ സൗകര്യം ഒരുക്കണമായിരുന്നു. പൊന്‍കുന്നം, കൂരാലി, ഇളങ്ങുളം തുടങ്ങിയ ഇടത്താവളങ്ങളിലും ജനബാഹുല്യം പ്രതിഫലിച്ചു.
സ്‌പോട്ട് ബുക്കിങ്ങിന് മൂന്നു കൗണ്ടറുണ്ടെങ്കിലും തിരക്കില്‍ ഒരു കൗണ്ടര്‍ തകര്‍ന്നു. തിരുമുറ്റത്തെ കൗണ്ടറില്‍ ഇന്റര്‍നെറ്റ് കിട്ടാത്തതും പ്രശ്‌നമായി. പിന്നീട് ദേവസ്വം ഓഫീസിനോട് ചേര്‍ന്ന ഹാളിലേക്ക് കൗണ്ടര്‍ മാറ്റി. നിലയ്‌ക്കലില്‍ അടിസ്ഥാന സൗകര്യം ഒരുക്കാത്തതും കണക്കില്‍ക്കവിഞ്ഞ സ്‌പോട്ട് ബുക്കിങ്ങുമാണ് പ്രശ്‌ന കാരണം.