• Sun. Dec 28th, 2025

24×7 Live News

Apdin News

സബ് ടൈറ്റില്‍സ് അത്ര ചെറിയ പണിയല്ല

Byadmin

Dec 28, 2025



ലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ ‘സമ്മര്‍ ഇന്‍ ബത്ലഹേം’ ഫോര്‍ കെ ഡോള്‍ബി മികവില്‍ തിയേറ്ററില്‍ എത്തിയപ്പോള്‍ ആ ചിത്രത്തിന് സബ് ടൈറ്റില്‍ എഴുതാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് സംവിധായിക അനു കുരിശിങ്കല്‍.

സിനിമയുടെ വര്‍ണ്ണപകിട്ടുകളില്‍ നിന്ന് ഇപ്പോഴും മറഞ്ഞിരിക്കുന്ന വിഭാഗമാണ് ചിത്രങ്ങള്‍ക്ക് സബ് ടൈറ്റില്‍സ് ഒരുക്കുന്ന കലാപ്രവര്‍ത്തകര്‍. സിനിമയുടെ ആത്മാവ് ചോര്‍ന്ന് പോകാതെ ചെയ്യേണ്ട ഏറെ ക്രിയേറ്റിവിറ്റിയുള്ള സര്‍ഗാത്മക പ്രവൃത്തി കൂടിയാണ് സബ് ടൈറ്റില്‍ രചന. പക്ഷേ സിനിമയുടെ സുപ്രധാന വിഭാഗം കൈകാര്യം ചെയ്യുന്ന ഇക്കൂട്ടരെ ആരും അറിയാറില്ലെന്നും അനു കുരിശിങ്കല്‍ പറയുന്നു.

എനിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് ‘സമ്മര്‍ ഇന്‍ ബത്ല ഹേം’ ആദ്യം റിലീസ് ചെയ്യുന്നത്. പിന്നീട് എത്രയോ തവണ ആ മനോഹര ചിത്രത്തെക്കുറിച്ച് കേട്ടിരിക്കുന്നു. മലയാളത്തിലെ ഏറ്റവും പ്രമുഖനായ സിബി മലയില്‍ ഒരുക്കിയ സമ്മര്‍ ഇന്‍ ബത് ലഹേം മനോഹരമായ ഒരു പ്രണയ ചിത്രമായിരുന്നു. ഹൃദയഹാരിയായ പാട്ടുകള്‍ കൊണ്ടും സമ്പന്നമായിരുന്നു ആ ചിത്രം. ഇപ്പോള്‍ ഫോര്‍കെ ഡോള്‍ബി മികവില്‍ ആ ചിത്രം തിയേറ്ററില്‍ എത്തിയിരിക്കുന്നു. അതിന്റെ ഭാഗമാകാനും ടൈറ്റില്‍ കാര്‍ഡില്‍ എന്റെ പേര് രേഖപ്പെടുത്തിക്കണ്ടതിലും ഒത്തിരി സന്തോഷവും അഭിമാനവും തോന്നുന്നു.

2022 മുതലാണ് ഞാന്‍ സിനിമകള്‍ക്ക് സബ്ടൈറ്റില്‍ വര്‍ക്കുകള്‍ ചെയ്തു തുടങ്ങിയത്. കൂടുതലും കലാമൂല്യമുള്ള ആര്‍ട്ട് ചിത്രങ്ങള്‍ക്കായിരുന്നു. ഇരുപതോളം ചിത്രങ്ങള്‍ക്ക് ഇതിനകം സബ്ടൈറ്റില്‍ ഒരുക്കാന്‍ കഴിഞ്ഞു. വളരെ പ്രയാസകരമായ ഒരു ജോലിയാണിത്. അതിലേറെ ക്ഷമയും ഈ ജോലിക്ക് അനിവാര്യമാണ്. തിരക്കുകള്‍ക്കിടയില്‍ ചെയ്തു തീര്‍ക്കാവുന്ന ഒരു പണിയല്ല. പലരും കരുതിയിരിക്കുന്നത് മലയാളത്തില്‍ നിന്നുള്ള മൊഴിമാറ്റമാണ് സബ്ടൈറ്റില്‍ എന്നാണ്. എന്നാല്‍ അങ്ങനെയല്ല. സിനിമയുടെ ഉള്ളടക്കത്തിനും സംഭാഷണത്തിനും കഥാപാത്രത്തിന്റെ സ്വഭാവത്തിനും അനുസരിച്ച് ഭാഷയില്‍ മാറ്റം വരും. അതിന് അനുയോജ്യമായ ഭാഷ ഒരുക്കുക എന്നത് ഏറെ കഠിനമായ ഒരു പണി തന്നെയാണ്. ഇപ്പോള്‍ സിനിമയ്‌ക്ക് സബ്ടൈറ്റില്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ സബ്ടൈറ്റില്‍സ് ഒരുക്കുന്ന വിഭാഗത്തെ ഒരു പ്രധാന ഘടകമായി സിനിമാ പ്രവര്‍ത്തകര്‍ കണ്ടുതുടങ്ങിയിട്ടില്ല.അര്‍ഹിക്കുന്ന പരിഗണനയും മാന്യമായ പ്രതിഫലവും ഈ വിഭാഗത്തിന് നല്കേണ്ടതാണ്. ധാരാളം പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ആരും ശ്രദ്ധിക്കപ്പെടുന്നില്ല എന്നതും മറ്റൊരു വസ്തുതയാണ്.

നല്ല ഭാഷാ മികവുള്ളവര്‍ക്ക് മാത്രമേ ഈ മേഖലയില്‍ ശോഭിക്കാന്‍ കഴിയൂ എന്നത് ഒരു വസ്തുതയാണ്. സംവിധായികയായി ചലച്ചിത്രരംഗത്ത് എത്തിയ എനിക്ക് സംഗീത സംവിധാനവും ഗാനചരനയും സഹസംവിധാനവുമൊക്കെ ഒരുക്കാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷവും അഭിമനവുമുണ്ട്. അനു കുരിശിങ്കല്‍ പറയുന്നു.

‘കണ്‍മുനകളില്‍ കളമിടും കവിതയെന്നാളും
നിന്‍ മിഴികള്‍തന്‍ മധുകണം നുകരവേ
എന്നുയിരിനെ തഴുകുമാ കുളിരിളംതെന്നല്‍
വെന്മുകിലുപോല്‍ അലസമായ് പൊഴിയുമോ?’ എന്നു തുടങ്ങുന്ന ‘ക്രൗര്യം’ എന്ന ചിത്രത്തില്‍ അനു കുരിശിങ്കല്‍ ഒരുക്കിയ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. സന്ദീപ് അജിത് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിധു പ്രതാപാണ് ഗാനം ആലപിച്ചിരിക്കുന്നത്.

‘എന്റെ ഖല്‍ബിലെ…’ എന്ന ഹിറ്റ് ഗാനത്തിന്റെ മ്യൂസിക് ഡയറക്റ്റര്‍ അലക്സ് പോളിന്റെ ശിഷ്യയാണ് അനു കുരിശിങ്കല്‍. ‘കണ്‍മുന്നില്‍…’ എന്നു തുടങ്ങുന്ന അനുവിന്റെ മെലഡി ഗാനവും ജനങ്ങളുടെ ഖല്‍ബില്‍ ഇതിനോടകം ഇടം നേടിയിരുന്നു.

2014 ല്‍ അലക്സ് പോള്‍ ആരംഭിച്ച ‘നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ടെക്നോളജി’ എന്ന സ്ഥാപനത്തില്‍ മ്യൂസിക് ടെക്നോളജി കോഴ്സ് പഠിച്ച അനു ഗാനരചനയിലൂടെയാണ് കലാരംഗത്തേക്ക് ചുവടുവച്ചത്. ബേണി ഇഗ്നേഷിയസിലെ ബേണിയുടെ മകന്‍ ടാന്‍സണ്‍ നല്‍കിയ സംഗീതത്തിനും, സംഗീത സംവിധായകന്‍ മെജോ ജോസഫിന്റെ ഈണത്തിനും തമിഴ് വരികള്‍ എഴുതിയായിരുന്നു അനുവിന്റെ തുടക്കം. ആദ്യമായി എഴുതിയ തമിഴ് ഗാനം വായിച്ച് പ്രശസ്ത ഗാനരചയിതാവ് എസ്. രമേശന്‍ നായര്‍ പറഞ്ഞ വാക്കുകള്‍ ഇന്നും അനു മനസ്സില്‍ പിടിക്കുന്നു.

‘ചെരാതുകള്‍’ എന്ന ആന്തോളജി സിനിമയില്‍ അനു സംവിധാനം ചെയ്ത ‘ദിവാ’ എന്ന ചിത്രത്തിലെ മെജോ ജോസഫ് ഈണം നല്‍കിയ പ്രണയഗാനത്തിലും അനുവിന്റെ വരികളാണ്.

By admin