പത്തനംതിട്ട തിരുവല്ല ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലഹരിക്കടത്തിന് 10 വയസ്സുകാരനായ കുട്ടിയെ ഉപയോഗിച്ചിട്ടില്ലെന്നും ഭര്‍ത്താവിനെതിരെ പൊലീസ് പരാതി എഴുതിവാങ്ങിയെന്നും പ്രതിയുടെ ഭാര്യ വെളിപ്പെടുത്തി.
ലഹരിക്കടത്തിന് കുട്ടിയെ ഉപയോഗിച്ചെന്ന് പരാതി നല്‍കാന്‍ പൊലീസ് പറഞ്ഞെന്നും ജ്യൂസ് കുടിക്കാനാണ് കുട്ടി ഭര്‍ത്താവിനൊപ്പം പോയതെന്നും പ്രതിയുടെ ഭാര്യ പറയുന്നു. ഡിവൈ.എസ്.പി വാര്‍ത്താസമ്മേളനത്തില്‍ കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് പറഞ്ഞശേഷമാണ് പൊലീസ് പരാതി എഴുതി വാങ്ങിയതെന്നും ഇവര്‍ ആരോപിക്കുന്നു.
അതേസമയം പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരാതി എഴുതി നല്‍കാന്‍ കുടുംബത്തോട് ആവശ്യപ്പെടുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാതാവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പരാതി നല്‍കി. പ്രതിയും ഭാര്യയും ഒരു വര്‍ഷമായി അകന്നു താമസിക്കുകയാണ്. ഭാര്യ വിവാഹ മോചനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
എംഡിഎംഎ പ്ലാസ്റ്റിക് കവറിലാക്കി കുട്ടിയുടെ ശരീരത്തില്‍ ഒട്ടിച്ച് വില്‍പന നടത്തിയെന്ന കേസിലാണ് തിരുവല്ല സ്വദേശി ശനിയാഴ്ച പിടിയിലായത്. പൊലീസ് പരിശോധനയില്‍നിന്ന് രക്ഷപ്പെടാനാണ് മകനെ ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞിരുന്നു.
എറണാകുളത്തുനിന്ന് എത്തിക്കുന്ന എം.ഡി.എം.എ രണ്ടോ മൂന്നോ ഗ്രാം അടങ്ങുന്ന പക്കറ്റിലാക്കി തിരുവല്ലയിലും പരിസരങ്ങളിലുമുള്ള സ്‌കൂള്‍, കോളജ് കേന്ദ്രീകരിച്ചാണ് ഇയാള്‍ വില്‍പന നടത്തിയിരുന്നതെന്നും ഡിവൈ.എസ്.പി. എസ്. അഷാദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.