ഇടുക്കി ഗവണ്‍മെന്റ് നഴ്‌സിങ് കോളജില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ സിപിഎം ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി ആരോപണം. സമരം അവസാനിപ്പിച്ചില്ലെങ്കില്‍ പഠിപ്പ് നിര്‍ത്തിക്കുമെന്ന് സി.വി വര്‍ഗീസ് ഭീഷണിപ്പെടുത്തിയതായാണ് ആരോപണം.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അധ്യാപകരുടെ ജോലി കളയുമെന്നും ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് പറയുന്നു. സമരം അവസാനിപ്പിക്കാന്‍ വേണ്ടിയായിരുന്നു യോഗം വിളിച്ചു ചേര്‍ത്തത്. കലക്ടറുടെ ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം കലക്ടറുടെ അഭാവത്തില്‍ ചെറുതോണിയിലുള്ള സിപിഎം ജില്ലാ സെക്രട്ടറിയുടെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. കോളജ് പ്രിന്‍സിപ്പലും അധ്യാപകരും യോഗത്തില്‍ പങ്കെടുത്തിരുന്നു. കോളജ് പ്രിന്‍സിപ്പല്‍, രണ്ട് അധ്യാപകര്‍, പിടിഎ പ്രസിഡന്റ്, അഞ്ച് വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇടുക്കി ഗവ. നഴ്‌സിങ് കോളജിന് നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്‌സിങ് വിദ്യാര്‍ഥികള്‍ കോളജിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.