• Tue. Feb 4th, 2025

24×7 Live News

Apdin News

സമരം പൊളിഞ്ഞെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍, ബസുകളുടെ വയറിംഗ് നശിപ്പിച്ചവര്‍ കെ എസ് ആര്‍ ടി സി ജീവനക്കാരെങ്കില്‍ പിരിച്ചു വിടും

Byadmin

Feb 4, 2025


കൊച്ചി:കെഎസ്ആര്‍ടിസി ജീവനക്കാര്‍ തന്നെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ സമരം പൊളിഞ്ഞതിലൂടെ വ്യക്തമാകുന്നതെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ഇന്നത്തെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി ഡിഎഫിന്റെ സമരം പൊളിഞ്ഞ് പാളീസായി. പ്രാകൃത സമരം ഇനി വേണ്ട എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്.

ബസിന് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം നല്‍കിയവര്‍ നഷ്ടപരിഹാരം തരേണ്ടിവരും.അതിന് നിയമനടപടി തുടങ്ങിയിട്ടുണ്ട്. പണിമുടക്കിനിടെ ബസുകള്‍ക്ക് കേടുപാട് വരുത്തിയതില്‍ സമഗ്രമായ അന്വേഷണത്തിന് കെ.ബി. ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി. കൊട്ടാരക്കരയിലാണ് ബസുകളുടെ വയറിംഗ് നശിപ്പിച്ചതായി പരാതി ഉയര്‍ന്നത്.പണിമുടക്കിനിടെ ബസുകള്‍ സര്‍വീസ് നടത്താതിരിക്കാനാണ് ബസുകളുടെ വയറിംഗ് നശിപ്പിച്ചത്. എട്ട് ബസുകളാണ് ഇത്തരത്തില്‍ നശിപ്പിച്ചത്.ഊര്‍ജ്ജിതമായ പൊലീസ് അന്വേഷണം നടത്തിക്കുന്നതിനും പൊതുമുതല്‍ നശീകരണം തടയല്‍ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുറ്റക്കാരെന്നു കണ്ടെത്തപ്പെടുന്നവര്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെങ്കില്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുമെന്നും മന്ത്രി അറിയിച്ചു.

ശമ്പളം ഒന്നാം തീയതി നല്‍കും എന്ന് പറഞ്ഞിട്ടും സമരം നടത്തുന്നത് ശരിയല്ല. കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കൊച്ചിയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ജീവനക്കാര്‍ക്ക് ഒരുമിച്ച് ശമ്പളം കൊടുക്കുമെന്ന് പറഞ്ഞ ശേഷം ഒരുമിച്ച് ശമ്പളം കൊടുത്തിട്ടുണ്ട്. ഇന്നത്തെ സമരത്തെ വനിതാ ജീവനക്കാരടക്കം തള്ളി. സാധാരണത്തേതിലും കൂടുതലാണ് ഇന്നത്തെ സ്ത്രീ ജീവനക്കാരുടെ ഹാജര്‍. കെഎസ്ആര്‍ടിസിയെ തകര്‍ക്കാനുള്ള ശ്രമം ജനങ്ങളും വലിയ വിഭാഗം ജീവനക്കാരും ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.



By admin