കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും ലക്ഷദ്വീപിലെ സമസ്ത നേതാവുമായ ഫത്ഹുല്ലാ മുത്തുക്കോയ തങ്ങൾ വിടവാങ്ങി. 82 വയസായിരുന്നു. അമിനി ദ്വീപിലെ ഖാദിയായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അമിനി ദ്വീപിലെ ഗവര്‍മെന്റ് സ്കൂളിലെയും പാരമ്പര്യ മത പഠനമനുസരിച്ചുള്ള പ്രാഥമിക പഠനത്തിനും ശേഷം കേരളം, കർണാടക എന്നിവിടങ്ങളിൽ വിവിധ ദർസുകളിൽ പഠനം നടത്തി. പട്ടിക്കാട് ജാമിഅഃ നൂരിയ അറബിക് കോളജിൽ നിന്നും ഫൈസി ഉന്നത പഠനം പൂർത്തിയാക്കി. താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാർ, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ എന്നിവരായിരുന്നു പ്രധാന ഉസ്താദുമാർ.
കേരളം, ലക്ഷദ്വീപ് എന്നിവക്ക് പുറമെ ശ്രലങ്കയിലെ കൊളമ്പോ കേന്ദ്രമാക്കിയും ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളും തങ്ങൾ നടത്തിയിരുന്നു.
പരേതയായ അമിനി പാട്ടകൽ മുത്തിബിയാണ് ഭാര്യ. സയ്യിദ് അബൂസ്വാലിഹ് തങ്ങൾ, സയ്യിദ് ശിഹാബുദീൻ തങ്ങൾ, സയ്യിദ ഖദീജ, സയ്യിദ ഹാജറബി, സയ്യിദ ഹമീദത്ത്ബി, സയ്യിദ ഹഫ്‌സ, സയ്യിദ സഫിയാബി, സയ്യിദ സുമയ്യ, സയ്യിദ സത്തി ഫഇസാ, പരേതനായ സയ്യിദ് മുഹമ്മദ് ഖാസിം തങ്ങൾ എന്നിവർ മക്കളാണ്.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് സമസ്ത ക്യാമ്പസ് മസ്ജിദിൽ മയ്യിത്ത് നിസ്കാരം നടക്കും. പൊതുദർശനത്തിന് ശേഷം ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ചിന് കൊണ്ടോട്ടി മുണ്ടക്കുളം ശംസുൽ ഉലമ സ്മാരക ജാമിഅഃജലാലിയ കാമ്പസിൽ നടക്കും.