ജബൽപൂർ: ഒക്ടോബർ 17 ന് ജബൽപൂർ റെയിൽവെ സ്റ്റേഷനിലേ അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിൽ നടന്നത് ഏതൊരാളേയും ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ്. ട്രെയിൻ യാത്രക്കാരനായ യുവാവ് ഒരു കച്ചവടക്കാരനിൽ നിന്ന് സമൂസകൾ വാങ്ങുന്നിടത്താണ് പ്രശ്‌നങ്ങളുടെ തുടക്കം. 20 രൂപയുടെ സമൂസയാണ് യുവാവ് വാങ്ങിയത്. സമൂസയുടെ പണം ഓൺലൈനായി നൽകാൻ യുവാവ് ശ്രമിച്ചെങ്കിലും നെറ്റ് വർക്ക് പണി കൊടുത്തതോടെ പണം അയക്കാൻ പറ്റാതായി.
അതിനിടെ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ ഓടി തുടങ്ങി. ട്രെയിനിലെ യാത്രക്കാരനായ യുവാവ് പണം പിന്നീട് അയക്കാം എന്നുപറഞ്ഞ് കച്ചവടക്കാരന്റെ യുപിഐയുടെ ഫോട്ടോ എടുത്ത് ട്രെയിനിൽ കയറാൻ തുടങ്ങിയതോടെ കച്ചവടക്കാരൻ യാത്രക്കാരന് നേരെ തിരിഞ്ഞു. ഷർട്ടിന്റെ കോളറിൽ പിടിച്ച കച്ചവടക്കാരൻ യുവാവ് ട്രെയിനിൽ കയറുന്നത് തടഞ്ഞു. ഓടി തുടങ്ങിയ ട്രെയിനിൽ യാത്രചെയ്യേണ്ട യുവാവ് നിരവധി തവണ യുപിഐ വഴി പണം അയക്കാൻ ശ്രമിക്കുന്നതും പുറത്തുവന്ന 34 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയിൽ കാണാം.
ധരിച്ചിരുന്ന 2000 രൂപ വിലയുള്ള സ്മാർട്ട് വാച്ച് ഊരി കൊടുത്തതിന് ശേഷം മാത്രമാണ് കച്ചവടക്കാരൻ യാത്രക്കാരനെ ട്രെയിനിൽ കയറാൻ സമ്മതിച്ചത്. സംഭവം കണ്ട പലരും സംഭവം ഫോണിൽ പകർത്തിയെങ്കിലും ആരും ഇടപെടാൻ തയ്യാറായില്ല. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ കച്ചവടക്കാരനെതിരെ റെയിൽവേ അധികൃതരും പൊലീസും നടപടിയെടുത്തു. കച്ചവടക്കാരന്റെ ലൈസൻസ് ജബൽപൂർ ഡിവിഷൻ റെയിൽവേ മാനേജർ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ആർപിഎഫ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.