• Sun. Oct 19th, 2025

24×7 Live News

Apdin News

‘സമൂഹം മിണ്ടാതിരുന്നാല്‍ ഇന്ന് ഹിജാബ് വിലക്കപ്പെടും, നാളെ പേരും വിശ്വാസവും വിലക്കപ്പെടും’; താരാ ടോജോ അലക്‌സ്

Byadmin

Oct 19, 2025


സത്യവിശ്വാസം പ്രവര്‍ത്തികളിലൂടെ, അതായത് മറ്റുള്ളവരോടുള്ള ദയയിലും കരുണയിലും സഹനത്തിലുമാണ് നിവര്‍ത്തിക്കേണ്ടത് എന്ന പാഠം യേശുവിന്റെ മണവാട്ടികളായ കന്യാസ്ത്രീ അമ്മമാര്‍ മറക്കാന്‍ പാടില്ലാത്തതാണെന്ന് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കോഡിനേറ്റര്‍ താരാ ടോജോ അലക്‌സ്. എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു താര ടോജോ അലക്‌സ്.

തന്റെ ശിരോവസ്ത്രം ധരിച്ച് ഒരു കന്യാസ്ത്രീയായ അധ്യാപിക ക്ലാസില്‍ എത്തുമ്പോള്‍ അത് ആരെയും അസ്വസ്ഥരാക്കാതിരിക്കുകയും അതേസമയം ഒരു മുസ്ലിം വിദ്യാര്‍ഥിനി തന്റെ വിശ്വാസവും, ഇന്ത്യന്‍ ഭരണഘടന അവള്‍ക്ക് നല്‍കുന്ന അവകാശപ്രകാരം ഹിജാബ് ധരിച്ചും വന്നാല്‍ അത് നിയമലംഘനവും ആകുമ്പോള്‍ അത് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഇരട്ടത്താപ്പാണെന്നും മതപക്ഷപാതത്തിനും നേരെയാണ് വിരല്‍ ചൂണ്ടുന്നതെന്നും താര പറഞ്ഞു.

ജാതിയും മതവും വെറുപ്പും വേര്‍തിരിവും വിദ്യാലയം എന്ന പരിപാവനമായ മേഖലയിലും കാല്‍വെക്കുന്ന അപായ സൂചനയാണതെന്നും ഇതിനെതിരെ ഇന്ന് സമൂഹം മിണ്ടാതിരുന്നാല്‍, ഇന്ന് ഹിജാബ് വിലക്കപ്പെടും, നാളെ പേരും വിശ്വാസവും വിലക്കപ്പെടും. അതുകൊണ്ടാണ് ഈ സംഭവത്തെ രാഷ്ട്രീയ നിലപാടായിത്തന്നെ ചെറുക്കേണ്ടതാണെന്നും താരാ ഫേസ്ബുക്കില്‍ കുറിച്ചു.

താരാ ടോജോ അലക്‌സ് ഫേസ്ബുക്ക് പോസ്റ്റ്
‘കൊച്ചിയിലെ സെന്റ് റീത്ത സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍, പ്രിന്‍സിപ്പല്‍ കന്യാസ്ത്രീയുടെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന ഇപ്രകാരമാണ്…

‘മുസ്ലിം കുട്ടി ഹിജാബ് ധരിച്ച് വരുന്നത് കാണുമ്പോള്‍ മറ്റ് കുട്ടികള്‍ക്ക് ഭീതി ഉണ്ടാകുന്നു…’ ഈ പോസ്റ്റിന് ആധാരവും അവരുടെ ഈ വാക്കുകളാണ്. വിദ്യാലയം എന്നത് സമത്വത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും ക്ഷേത്രമാണ്. അധ്യാപനം എന്നത് ഒരു തൊഴില്‍മാത്രമല്ല..

അത് ഒരു ‘മിഷന്‍’ ആണ്. ”തൊഴില്‍” എന്നത് ഉപജീവനത്തിനായുള്ള ഒരു മാര്‍ഗ്ഗം മാത്രമാകുമ്പോള്‍, ”മിഷന്‍” എന്നത് ഒരു വ്യക്തി, തനിക്ക് സമൂഹത്തോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്വം നിറവേറ്റാന്‍ തിരഞ്ഞെക്കുന്ന മാര്‍ഗ്ഗമാണ്.

അതുകൊണ്ടു തന്നെ ‘അധ്യാപനം’ എന്നത് കുഞ്ഞ് മനസ്സുകളെ മാനുഷിക മൂല്യങ്ങളില്‍ ഊന്നി വാര്‍ത്തെടുത്ത് അവരെ സത്യത്തിലേക്കും സ്‌നേഹത്തിലേക്കും നീതിയിലേക്കും നയിക്കാനുള്ള ദൗത്യമാണ്. അധ്യാപനം ചെയ്യുന്നവര്‍ വെറും പാഠഭാഗങ്ങള്‍ പറയുന്നവര്‍ അല്ല.

അവര്‍ കുട്ടികളുടെ ചിന്തകളും സ്വപ്നങ്ങളും സ്വഭാവവും അവരുടെ ഭാവിയെയും രൂപപ്പെടുത്തുന്നവരാണ്. അത് കൊണ്ടാണ് ടീച്ചറുടെ പദവി അമ്മക്ക് തുല്യമാണ് എന്ന് പറയുന്നത്.

അമ്മയേ പോലെ തന്നെ സ്‌നേഹിക്കുകയും, മനസ്സിലാക്കുകയും, കരുതുകയും ചെയ്യുന്ന അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ മാനസികമായും ശാരീരികമായും സുരക്ഷിതരാണെന്ന് ആത്മവിശ്വാസത്തിലാണ് നമ്മുടെ കുഞ്ഞുങ്ങളെ നമ്മള്‍ വിദ്യാലയത്തിലേക്ക് അയക്കുന്നത്. പക്ഷെ ഹിജാബ് ധരിച്ചുവന്ന പെണ്‍കുട്ടിയോട് അവളുടെ വസ്ത്രധാരണം മറ്റു കുട്ടികളില്‍ ഭീതി ഉണ്ടാക്കുന്നു എന്ന പ്രിന്‍സിപ്പല്‍ സിസ്റ്ററിന്റെ സ്റ്റേറ്റ്‌മെന്റ്, അത് എത്രത്തോളം വലിയ മുറിവാണ് ആ കുഞ്ഞു മനസ്സിന് ഉണ്ടാക്കുന്നത് എന്നത് അവര്‍ തിരിച്ചറിയാതെ പോകുന്നത് വളരെ ദൗര്‍ഭാഗ്യകരമായിപ്പോയി.

ഒരു അധ്യാപിക എന്ന നിലയില്‍, ആ കുട്ടിയുടെ വ്യക്തിത്വത്തെയും വിശ്വാസത്തെയും ആദരിക്കേണ്ടതും ഈ വിഷയം രമ്യമായി പരിഹരിക്കേണ്ടതും അവരുടെ ഉത്തരവാദിത്വമായിരുന്നു. അമ്മയെ പോലെ കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന ഒരധ്യാപിക ഒരിക്കലും ഒരു കുഞ്ഞിനെ മാത്രം മതത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുകയില്ല. കാരണം അമ്മയാകുമ്പോള്‍ മതം, ജാതി, ഭാഷ – എല്ലാം പിന്നിലാകും. മുന്നില്‍ നില്‍ക്കുന്നത് സ്‌നേഹവും മനുഷ്യത്വവും മാത്രമാണ്. ‘നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കയും ഞാന്‍ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്ത്?’ (ലൂക്കോസ് 6:46)

എന്ന ബൈബിള്‍ വചനം… സത്യവിശ്വാസം പ്രവര്‍ത്തികളിലൂടെ, അതായത് മറ്റുള്ളവരോടുള്ള ദയയിലും കരുണയിലും സഹനത്തിലുമാണ് നിവര്‍ത്തിക്കേണ്ടത് എന്ന പാഠം, യേശുവിന്റെ മണവാട്ടികളായ കന്യാസ്ത്രീ അമ്മമാര്‍ മറക്കാന്‍ പാടില്ലാത്തതാണ്.

ഒരു കന്യാസ്ത്രീയായ അധ്യാപിക, തന്റെ ശിരോവസ്ത്രം ധരിച്ച് ക്ലാസില്‍ എത്തുമ്പോള്‍, അത് ആരെയും അസ്വസ്ഥരാക്കാതിരിക്കുകയും,

അതെ സമയം ഒരു മുസ്ലിം വിദ്യാര്‍ത്ഥിനി തന്റെ വിശ്വാസവും, ഇന്ത്യന്‍ ഭരണഘടന അവള്‍ക്കു നല്‍കുന്ന അവകാശപ്രകാരം ഹിജാബ് ധരിച്ച് വന്നാല്‍, അത് നിയമലംഘനവും ആകുമ്പോള്‍, അത് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഇരട്ടത്താപ്പിനും മതപക്ഷപാതത്തിനും നേരെ തന്നെയാണ് വിരല്‍ ചൂണ്ടുന്നത് ഈ സംഭവം വെറും ഒരു സ്‌കൂളില്‍ നടന്ന സംഭവവമായി നിസ്സാരവല്‍ക്കരിക്കാന്‍ പാടില്ല.

ഇത് നമ്മുടെ കാലഘട്ടത്തിന്റെ പ്രതിഫലനമാണ്.. ജാതിയും മതവും വെറുപ്പും വേര്‍തിരിവും വിദ്യാലയം എന്ന പരിപാവനമായ മേഖലയിലും കാല്‍വെക്കുന്ന അപായ സൂചനയാണത്.

ഇതിനെതിരെ ഇന്ന് സമൂഹം മിണ്ടാതിരുന്നാല്‍, ഇന്ന് ഹിജാബ് വിലക്കപ്പെടും, നാളെ പേരും വിശ്വാസവും വിലക്കപ്പെടും. അതുകൊണ്ടാണ് ഈ സംഭവത്തെ രാഷ്ട്രീയ നിലപാടായിത്തന്നെ ചെറുക്കേണ്ടത് മതത്തിന്റെ പേരില്‍ ഒരു കുട്ടിയെ ഒറ്റപ്പെടുത്തുന്നവര്‍ക്ക് എതിരായി മനുഷ്യത്തിന്റെ രാഷ്ട്രീയവുമായാണ് നമ്മള്‍ ഒന്നിക്കേണ്ടത്.

ഒരു ഹിജാബ് നീക്കം ചെയ്യിച്ച് കൊണ്ട് ആര്‍ക്കും ഇവിടെ സമത്വം ഉണ്ടാക്കാനാവില്ല. മനുഷ്യന്റെ മനസ്സില്‍ മതമതിലുകള്‍ പൊളിച്ചാല്‍ മാത്രമെ സമൂഹത്തില്‍ സമത്വം ഉണ്ടാക്കൂ. വിദ്യാഭാസത്തിനും പഠനത്തിനും മതമില്ല. സ്‌നേഹത്തിനും കാരുണ്യത്തിനും മതമില്ല.’

By admin