
മുംബൈ: എല്ലാ കുറവുകളില്‍ നിന്നും മോചിതമായ പൂര്‍ണസമാജം സൃഷ്ടിക്കപ്പെടണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഒരു സമൂഹമെന്ന നിലയില്‍, നമ്മള്‍ ഇപ്പോഴും പൂര്‍ണരല്ല. വിവേചനങ്ങളും യാഥാസ്ഥിതികതയും അന്ധവിശ്വാസങ്ങളും തിന്മകളും നിരക്ഷരതയുമൊക്കെ കുറവുകളാണ്. ഇവയില്‍ നിന്നെല്ലാം മോചിതമായ, ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുംവരെ നമ്മുടെ ശ്രമങ്ങള്‍ പൂര്‍ത്തിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘയാത്രയുടെ നൂറ് വര്‍ഷം – പുതിയ ചക്രവാളങ്ങള്‍ എന്ന വിഷയത്തില്‍ വര്‍ളി നെഹ്റു സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ ആദ്യദിവസം സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
സംഘത്തിന്റെ പ്രവര്‍ത്തനം സമാനതകളില്ലാത്തതാണ്. ലോകത്ത് അത്തരമൊരു പ്രവര്‍ത്തനം വേറെയില്ല. രാജ്യത്തിന്റെ ചരിത്രത്തില്‍, തഥാഗത ബുദ്ധനുശേഷം ഇത്തരമൊരു പ്രവര്‍ത്തനം ഉണ്ടായിട്ടില്ല. സംഘത്തെ അനുഭവിച്ചല്ലാതെ അറിയാനാവില്ല. എന്തിനോടെങ്കിലും പ്രതികരിക്കാനോ, ആരെയെങ്കിലും എതിര്‍ക്കാനോ അല്ല സംഘം രൂപീകരിച്ചത്. സംഘത്തിന് പ്രശസ്തി ആവശ്യമില്ല. അധികാരവും ആവശ്യമില്ല. സംഘത്തെ അറിയാന്‍, ആദ്യം സംഘം എന്തല്ലെന്ന് മനസിലാക്കണം. രാജ്യത്ത് നടക്കുന്ന എല്ലാ നല്ല പ്രവര്‍ത്തികള്‍ക്കുമൊപ്പം സംഘമുണ്ട്. സംഘത്തിന്റെ പ്രവര്‍ത്തനം മുഴുവന്‍ രാഷ്‌ട്രത്തിനും വേണ്ടിയുള്ളതാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.