
ന്യൂദല്‍ഹി: പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലായറി ഗ്യാങ്ങ്സ്റ്റര്‍ ഇന്ത്യയിലെ എങ്ങിനെയാണ് ഭീകരവാദം ആസൂത്രണം ചെയ്യുന്നത് എന്നതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന ദുരന്തര്‍ എന്ന സിനിമ വന്‍ഹിറ്റാണ്. ആ സിനിമയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കുറിപ്പുകളും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
കാണ്ഡഹാർ ഹൈജാക്ക് കാണിച്ചാണ് ‘ദുരന്തർ’ സിനിമ തുടങ്ങുന്നത്. “നിങ്ങൾ ഹിന്ദുക്കളെന്താ ഇത്ര ഭീരുക്കളായിപ്പോയത് ?” എന്ന ചോദ്യത്തോടെയാണ് സിനിമ ആരംഭിക്കുന്നത് തന്നെ. കാണ്ഡഹാർ വിമാനം റാഞ്ചൽ സംഭവത്തിൽ അഫ്ഗാൻ മണ്ണിൽ തടവുകാരെ മോചിപ്പിക്കാൻ എത്തുന്ന മാധവന്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ അജയ് സന്യാലിനോട്, വിമാനം റാഞ്ചിയ ഭീകരവാദി പരിഹാസത്തോടെ ചോദിക്കുന്നതാണ് ഈ ചോദ്യം. മുംബൈ ആക്രമണത്തിലെ ഒറിജിനൽ ശബ്ദസന്ദേശങ്ങൾ രണ്ട് മിനിറ്റ് കാണിക്കുന്നുണ്ട്. ഞെട്ടിത്തരിക്കുന്ന നിമിഷങ്ങള്‍. ഹിന്ദുക്കള്‍ ഇത്ര ഭീരുക്കളാണോ എന്ന് പരിഹസിച്ച ഭീകരൻ സഹൂർ മിസ്ത്രിയാണ് പിന്നീട് ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ നേതാവാകുന്നത്. പക്ഷെ 2022-ൽ കറാച്ചിയിൽ അജ്ഞാതരുടെ വെടിയുണ്ടയേറ്റ് സഹൂര്‍ മിസ്ത്രി കൊല്ലപ്പെടുകയായിരുന്നു.
അന്ന് മിസ്ത്രിയടക്കം നമ്മുടെ ആത്മാഭിമാനത്തെ പുച്ഛിച്ച് നേടിയത് മസൂദ് അസ്ഹറിനെയാണ്. പിന്നീട് ജെയ്ഷെ മുഹമ്മദ് സ്ഥാപിച്ച അയാൾ പാർലമെന്റ് ആക്രമണം നടത്തി. തുടർഭീകരാക്രമണങ്ങൾ കണ്ട് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം പാകിസ്താനിലേക്ക് കൗണ്ടർ ഓപ്പറേഷൻ പ്ലാൻ ചെയ്യുന്നു. ആ കൗണ്ടര്‍ ഓപ്പറേഷന്റെ പേരാണ് ‘ഓപ്പറേഷൻ ദുരന്തർ’. അതുകൊണ്ടാണ് ഈ സിനിമയ്‌ക്ക് ദുരന്തര്‍ എന്ന പേര്‍ വന്നത്.
രണ്ട് യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയ ചിത്രമാണ് ‘ദുരന്തർ’. ശക്തമായ തിരക്കഥയിലൂടെ മികച്ച സ്പൈ ത്രില്ലർ ഒരുക്കിയിരിക്കുകയാണ് ആദിത്യ ധർ. സിനിമ ഡൂപ്പര്‍ സൂപ്പര്‍ ഹിറ്റായതോടെ ആദിത്യ ധറും ഭാര്യയും നടിയുമായ യാമി ഗൗതമും നൈനാ ദേവി ക്ഷേത്രം സന്ദര്‍ശിച്ചിരിക്കുകയാണ് ഡിസംബര്‍ 12 വ്യാഴാഴ്ച.
മുംബൈ 26/11 ആക്രമണം കറാച്ചിയിലെ ലായറി ഗ്യാങ്സ്റ്ററിന്റെ ഇന്ത്യയിലെ ഭീകരാക്രമണ പദ്ധതിയാണ്. അതാണ് ഈ സിനിമയുടെ പ്രധാനതന്തു. പാകിസ്താനിൽ നിന്ന് എങ്ങനെ ഇന്ത്യയില്‍ ഭീകരാക്രമണം പ്ലാൻ ചെയ്തു, ഇന്ത്യയ്‌ക്കകത്ത് എങ്ങനെ നടപ്പാക്കി, നോട്ടുനിരോധനം എന്തുകൊണ്ട് അനിവാര്യമായി തുടങ്ങിയ കാര്യങ്ങള്‍ ഈ സിനിമ വ്യക്തമാക്കുന്നു.
അജ്ഞാതര്‍ പാകിസ്ഥാനില്‍ ജെയ് ഷെ ഭീകരനേതാവിനെ വധിച്ചു…എന്നിങ്ങനെ അജ്ഞാതന്‍ നടത്തുന്ന ചില വാര്‍ത്തകള്‍ നമ്മള്‍ വായിക്കാറില്ലേ. അതുപോലെ ഇവിടെയും എങ്ങിനെയാണ് ഇന്ത്യയുടെ അജ്ഞാത രക്ഷകർ പാകിസ്ഥാനെപ്പോലുള്ള ശത്രുരാജ്യങ്ങളിൽ പ്രവർത്തിക്കുന്നു എന്നതും അറിയാനാവും. മൻമോഹൻ സിങ്ങും സോണിയയും നേതൃത്വം നല്കിയിരുന്ന കോണ്‍ഗ്രസ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് നമ്മുടെ രഹസ്യാന്വേഷണ ഏജൻസികൾ എത്ര നിസ്സഹായരായിരുന്നു എന്നും കൃത്യമായി കാണിക്കുന്നു. കാരണം 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന് പകരം വീട്ടാന്‍ പോലും ഇന്ത്യയ്‌ക്ക് അന്ന് ശേഷിയില്ലായിരുന്നു.
നായകനായി രണ്‍വീര്‍ സിംഗ് അപാരപ്രകടനം കാഴ്ചവെയ്‌ക്കുന്നു. അക്ഷയ് ഖന്നയും തിളങ്ങുന്നു.