കൊച്ചി: സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക് പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.
ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്‍റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.