രാമലക്ഷ്മണന്മാര്‍ക്കു തുല്യമായ ഭ്രാതൃസ്‌നേഹത്തിന്റെ ഒരു കഥകൂടിയുണ്ട് രാമായാണത്തില്‍. സമ്പാതി എന്ന പക്ഷിശ്രേഷ്ഠന്റെയും ജടായു എന്ന അനുജന്റേയും കഥ. ഇതില്‍ കൂടുതല്‍ മിഴിവാര്‍ന്നു നില്‍ക്കുന്നത് ദശരഥന്റെ സ്‌നേഹിതനും
രാമഭക്തനുമായ ജടായു ആണെങ്കിലും സഹോദരസ്‌നേഹത്തിന്റെ മഹനീയ നിദര്‍ശനമാകുന്നത് ജ്യേഷ്ഠനായ സമ്പാതി തന്നെ.
ജടായുവിനു കേരളത്തില്‍ ചടയമംഗലത്ത്(ജടായുമംഗലം) ഒരു ക്ഷേത്രവും പ്രതിമയും ഉണ്ട്. അനുജനായ ജടായുവിനേക്കാള്‍ ബലവീര്യവേഗങ്ങളിലും സഹോദരസംരക്ഷണത്തിലും ഒരു തൂവല്‍ത്തൂക്കം മുന്നിലാണ് സമ്പാതി. പക്ഷികള്‍ക്ക് പക്ഷമാണ് പ്രധാനം. എന്നിരിക്കിലും അനുജനെ സൂര്യാതപത്തില്‍ നിന്നു രക്ഷിക്കാന്‍ സ്വന്തം ചിറകുകള്‍ ബലി കൊടുത്തു സമ്പാതി. സീതാദേവിയെ തിരഞ്ഞു പോകുന്ന വാനരന്മാരേട് ലങ്കാ നഗരത്തില്‍ സീതാദേവിയുണ്ടെന്നും സമുദ്രതരണം നടത്തിയാല്‍ സീതാദേവിയെ കണ്ടെത്താമെന്നും പറഞ്ഞുകൊടുത്തതും സമ്പാതി ആണ്. എന്നാല്‍ രാമായണ പാത്രസൃഷ്ടിയില്‍ ജടായുവിനോളം പ്രാധാന്യം നേടാന്‍ സമ്പാതിക്കായില്ല. മാതൃഗര്‍ഭത്തില്‍ ഒരു ജീവന്റെ ജനനപര്യന്തമുള്ള വളര്‍ച്ച എങ്ങനെയെന്നു സമ്പാതി വിവരിക്കുന്നത് ആധുനിക വൈദ്യശാസ്ത്രം നൂതന സാങ്കേതിക സംവിധാനങ്ങളാല്‍ ഇന്നു കണ്ടത്തിയിട്ടുള്ള വസ്തുതകളാണ്.
സൂര്യ സാരഥിയായ അരുണന്റെ പുത്രനാണ് സമ്പാതി. ശ്യേനിയാണ് മാതാവ്. കുട്ടിക്കാലത്തു സഹോദരന്‍ ജടായുവുമായി മത്സപ്പറക്കല്‍ നടത്തുന്നത് സാമ്പാതിയുടെ വിനോദമായിരുന്നു. അങ്ങനെ ഒരു മത്സരത്തില്‍ വാശിയോടെ ഉയര്‍ന്നു പൊങ്ങിയ ജടായുവിനു സൂര്യമണ്ഡലത്തെ സമീപിച്ചു ചിറകു കരിയുമെന്ന അവസ്ഥയായപ്പോള്‍ സമ്പാതി മേലേ പറന്നേറി സ്വന്തം ചിറകിനടിയില്‍ അനുജനെ രക്ഷിച്ചു നിര്‍ത്തി. അനുജനെ സുരക്ഷിതനാക്കിയ സമ്പാതിയുടെ ചിറകുകള്‍ പക്ഷേ പൂര്‍ണ്ണമായും കരിഞ്ഞുപോയി. ബോധശൂന്യനായി നിലംപതിച്ച സമ്പാതി അവസാനം നിശാകര മഹര്‍ഷിയുടെ പുണ്യാശ്രമത്തില്‍ എത്തി വൃത്താന്തമെല്ലാം അറിയിച്ചു. പറന്നു നടന്ന് ഇരതേടാന്‍ കഴിയാതായ സമ്പാതിക്ക് വിശപ്പടക്കാനുള്ള ജീവികള്‍ മുന്നിലെത്തുമെന്നും ഒടുവില്‍ സീതാന്വേഷണാര്‍ത്ഥം എത്തുന്ന കപികള്‍ക്ക് സീതാവൃത്താന്തം അറിയിച്ചു കൊടുക്കുമ്പോള്‍ നവ പക്ഷങ്ങള്‍ സിദ്ധമാകുമെന്നും മഹാമുനി അനുഗ്രഹിച്ചു.
ആധുനിക ഗൈനെക്കോളജിയുടെ യഥാര്‍ത്ഥ സംഗ്രഹമാണ് കപികള്‍ക്കു മുന്നില്‍ സമ്പാതി അനാവരണം ചെയ്യുന്നത്. ഒരു കുഞ്ഞു ജനിക്കുന്നത് എങ്ങനെ? അത് അമ്മയുടെ ഉദരത്തില്‍ അതിസൂക്ഷ്മ ജീവനായിത്തുടങ്ങി പൂര്‍ണ്ണ വളര്‍ച്ചയെത്തി പുറത്തു വരുന്നത് വരെയുള്ള രൂപമാറ്റം, ഗര്‍ഭാവസ്ഥയുടെ ഓരോരോ മാസങ്ങളിലും എപ്രകാരം ഭ്രൂണം വളരുന്നു? ഇവയെല്ലാം കൃത്യമായും വ്യക്തമായും സമ്പാതിവാക്യത്തില്‍ വിവരിക്കുന്നു. രാമായണം കിഷ്‌കിന്ധാ കാണ്ഡത്തിലാണ് ഈ വിവരണം.
മനുഷ്യകുലത്തില്‍ മാത്രമല്ല, ഏതു ജീവികുലത്തിലും ‘രക്തം രക്തത്തെ തിരിച്ചറിയുമെന്ന’ തത്ത്വം സാമ്പാതിയിലൂടെ ആദികവി ലോകത്തിനു വെളിവാക്കി കൊടുക്കുന്നു. ഇന്നത്തെ തിരക്കിട്ട ജീവിതത്തില്‍ മനുഷ്യര്‍ സഹജരെയോ പ്രകൃതിയെയോ പരിഗണിക്കാതെ സ്വാര്‍ത്ഥ ജീവിതം നയിക്കുന്നു. സ്വജീവന്‍ പോലും അപകടത്തിലാക്കി സോദരനെ രക്ഷിച്ച സാമ്പാതിയുടെ കഥ ഈ സ്വാര്‍ത്ഥമതികള്‍ക്കെല്ലാം മാതൃക ആവേണ്ടതാണ്. സീതാന്വേഷണത്തിനു പോകുന്ന വാനരന്മാരെ മഹേന്ദ്രാചലത്തിലെ തന്റെ ഗുഹക്കു മുന്‍പില്‍ കാണുന്ന സമ്പാതി ചിന്തിക്കുന്നത് ചിറകില്ലാത്ത തനിക്ക് അനുദിനം വാനരന്മാരെ ഭക്ഷിക്കാമല്ലോ എന്നാണ്. സമ്പാദിയെ കണ്ടു പേടിച്ച വാനരസഞ്ചയം ജടായുവിന്റെ സദ്ഗതിയെക്കുറിച്ചു പരസ്പരം പറയുന്നു. അനുജന്‍ ജടായുവിന്റെ പേരു കേട്ട സമ്പാതി വാനരന്മാരോട് വൃത്താന്തങ്ങള്‍ അന്വേഷിക്കുന്നു. അവരില്‍ നിന്നും ശ്രീരാമപത്‌നിയെ തട്ടിക്കൊണ്ടു പോയ രാവണനെ ജടായു തടഞ്ഞതും ഒടുവില്‍ ചന്ദ്രഹാസത്താല്‍ വെട്ടിവീഴ്‌ത്തപ്പെട്ടതും രാമനെ കണ്ടു വിവരങ്ങള്‍ അറിയിക്കുന്നതുവരെ ജീവന്‍ നിലനില്‍ക്കട്ടെ എന്ന് സീതാദേവി അനുഗ്രഹിച്ചതും ശ്രീരാമലക്ഷ്മണന്മാര്‍ ജടായുവിനെ യഥോചിതം സംസ്‌കരിച്ചതുമായ കാര്യങ്ങളെല്ലാം വാനരന്മാര്‍ സമ്പാതിയെ ധരിപ്പിക്കുന്നു. വാനര സഹായത്തോടെ ജടായുവിന് ഉദകക്രിയകള്‍ ചെയ്ത ശേഷം സമ്പാതി ജാനകിയെപ്പറ്റി തനിക്കറിയാവുന്ന കാര്യങ്ങള്‍ വാനരര്‍ക്കു പറഞ്ഞുകൊടുക്കുന്നു. ലങ്കാപുരിയില്‍ അശോകവനിയില്‍ നക്തഞ്ചരിമാര്‍മദ്ധ്യേ ജാനകി വസിക്കുന്നു എന്നും അവിടേക്കു നൂറു യോജന ദൂരമുണ്ടെന്നും അറിയിക്കുന്നു. സഹോദര ഘാതകനായ രാവണനെ കൊല്ലുവാന്‍ സൗകര്യമൊരുക്കുക എന്നത് സമ്പാതിയുടേയും ആവശ്യമായി മാറുകയാണിവിടെ.
ശ്രീരാമനാമ സ്മൃതികൊണ്ടു ഭക്തര്‍ സംസാര വാരാന്നിധിയെ കടക്കുന്നതുപോലെ രാമഭാര്യാലോകനാര്‍ത്ഥം പോകുന്ന വാനരന്മാര്‍ക്ക് സാഗരതരണം സാധ്യമാകുമെന്ന് അനുഗ്രഹിക്കുമ്പോള്‍ നിശാകരമുനിയുടെ വാക്കുകള്‍ സത്യമാക്കി സമ്പാതിക്കു പുതിയ ചിറകുകള്‍ മുളക്കുന്നു.
സമ്പാതി വാക്യത്തില്‍ മനുഷ്യജീവന്‍ അമ്മയുടെ ഉദരത്തില്‍ പൂര്‍ണവളര്‍ച്ച എത്തുന്നതെങ്ങനെയെന്ന വിവരണം ഇന്ന് ആരെയും അതിശയിപ്പിക്കുവാന്‍ പോന്ന കൃത്യതയുള്ളതാണ്. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോരോ ഘട്ടങ്ങളും സത്യമായി ജ്വലിച്ചുനില്‍ക്കുന്നു ഈ രാമായണഭാഗത്ത് എന്നതും സാമ്പാതിയുടെ മഹത്വത്തിന് മാറ്റുകൂട്ടുന്നു. കടലിന്റെ അഗാധതയില്‍ ഒളിഞ്ഞു കിടക്കുന്ന അമൂല്യരത്നം പോലെ രാമായണ കഥാഗതിയെ നിര്‍ണായകമായി സ്വാധീനിക്കുകയും മഹനീയമായ തത്ത്വദര്‍ശനം പകരുകയും ചെയ്യുന്നു സമ്പാതി.
(പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളേജ് മുന്‍പ്രിന്‍സിപ്പലാണ് ലേഖകന്‍)