ഊട്ടിയുടെ മനോഹര ദൃശ്യങ്ങൾ, വിദ്യാസാഗറിന്റെ മധുരഗാനങ്ങൾ, രഞ്ജിത്തിന്റെ ഭാവനാപൂർണ തിരക്കഥ, കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ട സംവിധായകൻ സിബി മലയിൽ എന്നിവയുടെ കൂട്ടായ്മയിൽ രൂപം കൊണ്ട ‘സമ്മർ ഇൻ ബത്‌ലഹേം’ ഇപ്പോൾ നൂതന സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നു.
കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമിച്ച ഈ ചിത്രം റിലീസിനിടെ വൻ ജനപ്രിയത നേടിയതോടൊപ്പം ഇന്നും ടെലിവിഷൻ ചാനലുകളിലെ സ്ഥിരസാന്നിധ്യവുമാണ്. ഇതേ പശ്ചാത്തലത്തിലാണ് ചിത്രം 4K അറ്റ്‌മോസ് നിലവാരത്തിൽ റീമാസ്റ്റർ ചെയ്ത് വീണ്ടും പ്രദർശനത്തിനെത്തിക്കുന്നത്.
ചിത്രം 4K അറ്റ്‌മോസിൽ പുനർനിർമ്മിക്കാൻ ഹൈ സ്റ്റുഡിയോസ് നേതൃത്വം വഹിച്ചു. ദേവദൂതനും ഛോട്ടാ മുംബൈയുമെല്ലാം റീമാസ്റ്റർ ചെയ്തതിനു ശേഷമാണ് ഈ പ്രോജക്റ്റ് ഹൈ സ്റ്റുഡിയോസ് ഏറ്റെടുത്തത്.
മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി, ജനാർദനൻ, സുകുമാരി, രസിക തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. മനോഹര ഗാനങ്ങൾ രചിച്ചത് ഗിരീഷ് പുത്തഞ്ചേരി, സംഗീതം വിദ്യാസാഗർ, ഛായാഗ്രഹണം സഞ്ജീവ് ശങ്കർ.
കലാസംവിധാനം ബോബൻ, മേക്കപ്പ് സി.വി. സുധേവൻ, കോസ്റ്റ്യൂം ഡിസൈൻ എസ്.ബി. സതീശൻ, ക്രിയേറ്റീവ് വിഷനറി ഹെഡ് ബോണി അസ്സനാർ, കോറിയോഗ്രാഫി കലയും ബൃന്ദയും. അറ്റ്‌മോസ് മിക്സ് ഹരി നാരായണൻ, കളറിസ്റ്റ് ഷാൻ ആഷിഫ്, പ്രോജക്റ്റ് മാനേജ്മെന്റ് ജിബിൻജോയ് വാഴപ്പിള്ളി.
കോക്കേഴ്‌സ് ഫിലിംസിനൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരും സഹനിർമാതാക്കളായി രംഗത്തുണ്ട്. മാർക്കറ്റിംഗ് ഹൈപ്പ്, ഡിസൈൻ അർജുൻ മുരളിയും സൂരജ് സുരൻയും നിർവഹിക്കുന്നു.
നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായ സമ്മർ ഇൻ ബത്‌ലഹേം 4K അറ്റ്‌മോസ് പതിപ്പ് ഉടൻതന്നെ കോക്കേഴ്‌സ് മീഡിയ എന്റർടൈൻമെന്റ് മുഖേന തിയറ്ററുകളിലെത്തും.