• Tue. Mar 11th, 2025

24×7 Live News

Apdin News

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ – Chandrika Daily

Byadmin

Mar 10, 2025


ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ ശോഭനമായ ഭാവിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ സ്വപ്നമെന്നും പുതിയ കാലത്ത് മുസ്‌ലിംലീഗിന്റെ സ്വീകാര്യത വര്‍ദ്ധിക്കുകയാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും സ്ഥാപകദിന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എങ്ങനെയാണ് ആ സ്വപ്നം സാക്ഷാല്‍ക്കരിക്കേണ്ടത് എന്ന് ചരിത്രം നമുക്ക് പഠിപ്പിച്ചിട്ടുണ്ട്. ചരിത്രവും അനുഭവങ്ങളുമാണ് മുസ്‌ലിംലീഗിന്റെ അധ്യാപകന്‍. രാഷ്ട്രം കടന്നുപോയ ദശാസന്ധികളിലെല്ലാം മുസ്‌ലിംലീഗിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഭരണഘടനാ നിര്‍മ്മാണത്തില്‍ മുസ്‌ലിംലീഗ് പങ്കാളിത്തം വഹിച്ചു. ന്യൂനപക്ഷം വേട്ടയാടപ്പെടാനുള്ള ജനതയല്ല എന്ന് മുസ്‌ലിംലീഗ് പഠിപ്പിച്ചു. ലോകത്തെ മുഴുവന്‍ ന്യൂനപക്ഷങ്ങള്‍ക്കും മുസ്‌ലിംലീഗ് മാതൃക കാണിച്ചു. – തങ്ങള്‍ പറഞ്ഞു.

മുസ്‌ലിംലീഗിനെ മാറ്റിനിര്‍ത്തി രാജ്യത്തിനോ രാജ്യത്തെ മാറ്റി നിര്‍ത്തി മുസ്‌ലിംലീഗിനോ ഒരു ചരിത്രമില്ല. മതബോധത്തോടൊപ്പം മതേതര മൂല്യങ്ങളെയും മുസ്‌ലിംലീഗ് വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ബഹുസ്വര സമൂഹത്തില്‍ എല്ലാ വിഭാഗങ്ങളുമായും സൗഹൃദത്തോടെ നിലകൊള്ളുകയും അതോടൊപ്പം അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുക എന്ന നയമാണ് ഖാഇദെ മില്ലത്ത് മുന്നോട്ട് വെച്ചത്. മുസ്‌ലിംലീഗ് ഇന്നും തുടര്‍ന്ന് വരുന്നത് ഇതേ നയമാണ്. ഖാഇദെ മില്ലത്തിന് മുന്നില്‍ മറ്റൊരു മാതൃകയുണ്ടായിരുന്നില്ല. വിശാലമായ ഇന്ത്യയില്‍ ഒരു ന്യൂനപക്ഷ സമൂഹം രാഷ്ട്രീയമായി സംഘടിക്കണം എന്ന് ഖാഇദെ മില്ലത്തും സീതി സാഹിബുമെല്ലാം തീരുമാനിക്കുകയായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുകയായിരുന്നു ഖാഇദെ മില്ലത്ത്. അവരുടെ സ്വപ്നങ്ങളെല്ലാം പ്രാവര്‍ത്തികമാക്കിയാണ് മുസ്‌ലിംലീഗ് മുന്നോട്ട് പോയത്. രാജ്യത്തിന്റെ ഭരണഘടനക്കുനേരെ ഒരു അക്രമണമുണ്ടാകുമ്പോള്‍ അതിനെതിരെ പ്രതിരോധമുയര്‍ത്തുന്നത് മുസ്‌ലിംലീഗ് ആണ്. ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുമായിരുന്ന നിരവധി സന്ദര്‍ഭങ്ങളില്‍ മുസ്‌ലിംലീഗ് നിയമപോരാട്ടത്തിനിറങ്ങി. രാഷ്ട്ര ശില്പികളുടെയും പാര്‍ട്ടി നേതാക്കളുടെയും സ്വപ്നങ്ങള്‍ക്കായി പാര്‍ട്ടി കൈകോര്‍ത്തുപിടിച്ചു മുന്നേറുകയാണെന്നും തങ്ങള്‍ പറഞ്ഞു.

 

ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ പതാക ഉയര്‍ത്തി. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം സ്വാഗതം പറഞ്ഞു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ സ്ഥാപകദിന പ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് നിയമസഭ പാര്‍ട്ടി ഉപനേതാവ് ഡോ. എം കെ മുനീര്‍ എം എല്‍ എ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. അഹമ്മദ് കുട്ടി ഉണ്ണികുളം എഴുതിയ ”ഖാഇദെ മില്ലത്ത് ജീവിത വഴികള്‍” സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്്ദുല്‍ വഹാബ് എം.പിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയുടെ വയനാട് പുനരധിവാസ ഫണ്ട് 70 ലക്ഷം രൂപ തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.എ.എം അബൂബക്കര്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. ദേശീയ വൈസ് പ്രസിഡണ്ട് ഇബ്രാഹിം ദസ്തഗീര്‍ ആഗ, ദേശീയ സെക്രട്ടറി കുര്‍റം അനീസ് ഉമര്‍, തമിഴ് നാട് സംസ്ഥാന ട്രഷറര്‍ എം.എസ്.എ ഷാജഹാന്‍ പ്രസംഗിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി നന്ദി പറഞ്ഞു. പി.കെ.കെ ബാവ, എം.സി മായിന്‍ ഹാജി, ഉമര്‍ പാണ്ടികശാല, സി.പി ബാവ ഹാജി, പൊണ്ടങ്കണ്ടി അബ്ദുല്ല, സി.പി സൈതലവി, സി.എച്ച് റഷീദ്, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, കെ.എം ഷാജി, സി.പി ചെറിയ മുഹമ്മദ്, സി. മമ്മൂട്ടി, പാറക്കല്‍ അബ്ദുല്ല, ഷാഫി ചാലിയം, യു.സി രാമന്‍, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മയില്‍, പി.കെ ഫിറോസ്, അഡ്വ. ഫൈസല്‍ ബാബു, അഡ്വ. നൂര്‍ബിന റഷീദ്, അഡ്വ. പി. കുല്‍സു, ഹനീഫ മൂന്നിയൂര്‍, എം.സി വടകര, നാലകത്ത് സൂപ്പി, പി.കെ അബ്ദുറബ്ബ്, ടി.പി.എം സാഹിര്‍, സി.കെ സുബൈര്‍, ടി.പി അഷ്റഫലി, എസ്.എച്ച് മുഹമ്മദ് അര്‍ഷദ്, അഡ്വ. എം റഹ്‌മത്തുല്ല, കളത്തില്‍ അബ്ദുല്ല, സി.കെ നജാഫ്, കല്ലട്ര മാഹിന്‍ ഹാജി, പി.എം അമീറലി, അഷ്റഫ് വേങ്ങാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.

 



By admin