
തിരുവനന്തപുരം: തുടര്‍ഭരണം വേണ്ടതില്ലെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാത്തത് ഇരട്ടനീതിയാണെന്ന് നടന്‍ പ്രേംകുമാര്‍. ആശാ സമരത്തെ അനുകൂലിച്ചതിനാണ് തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത്.
തനിക്ക് ഇല്ലാത്ത എന്തോ അത്ഭുതസിദ്ധി സച്ചിദാനന്ദന് ഉണ്ടെന്ന് പ്രേംകുമാര്‍ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രേംകുമാറിന്റെ പ്രതികരണം.ചലച്ചിത്ര മേളയുടെയും സിനിമാ അവാര്‍ഡ് നിര്‍ണയത്തിന്റെയും ഒരുക്കങ്ങള്‍ക്കിടെ അപ്രതീക്ഷിതമായാണ് തന്നെ മാറ്റിയതെന്നും പ്രേംകുമാര്‍ വിമര്‍ശിച്ചു.സിനിമാ നയരൂപീകരണ സമിതി അംഗം എന്ന നിലയില്‍ നയരൂപീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തില്‍ എത്തിനില്‍ക്കവെയാണ് പുറത്താക്കിയത്.
സാംസ്‌കാരികപ്രവര്‍ത്തകരും മാധ്യമങ്ങളും പൊതു സമൂഹവും എല്ലാം തന്റെ പ്രവര്‍ത്തനങ്ങളെ വാനോളം പ്രശംസിച്ചിരുന്നു. ഒരവസരത്തില്‍ സാംസ്‌കാരിക മന്ത്രി പോലും അക്കാദമി ചെയര്‍മാനെന്ന നിലയില്‍ ‘പ്രേംകുമാറിന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതാണെന്ന്’ പരസ്യമായി പ്രകീര്‍ത്തിക്കുകയുണ്ടായി. ആ പ്രവര്‍ത്തനമികവും സംഘാടനശേഷിയും ലഭിച്ച പ്രശംസകളും പ്രകീര്‍ത്തനങ്ങളും എല്ലാം എത്ര വേഗത്തിലാണ് എത്ര നിസാരമായാണ് അലിഞ്ഞില്ലാതായതെന്ന് നടന്‍ ചോദിക്കുന്നു.