പാതി വില തട്ടിപ്പ് കേരളത്തിലുടനീളം, ഒരു ഗ്രാമം പോലും ഒഴിയാതെ നടത്തിയ ആസൂത്രിതമായ കൊള്ളയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് നജീബ് കാന്തപുരം എംഎല്‍എ. കോടികളുടെ അഴിമതിയാണിത്. സാധാരണ മനുഷ്യരുടെ കീശയില്‍ നിന്നും വലിയ തോതില്‍ പണം തട്ടിയെടുത്ത കുറ്റകൃത്യമാണിത്. ഇതില്‍ പങ്കാളികളായ കുറ്റക്കാരെ കണ്ടുപിടിക്കാതെ, ഇരകളായ എന്‍ജിഒകളെ തേടിയാണ് സര്‍ക്കാര്‍ പോകുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
നാട്ടില്‍ ഒരുപാട് എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്ത പല കാര്യങ്ങളും പൊതുജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന സന്നദ്ധസംഘടനകളാണ് മിക്കതും. ലോകമാകെ എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം ഏജന്‍സികളെ കേരളത്തിലുടനീളം കബളിപ്പിക്കാന്‍ വലിയ തട്ടിപ്പു സംഘത്തിന് സാധിച്ചു എന്നത് ഇന്റലിജന്‍സിന്റെ പരാജയമാണ്. ഭരണസംവിധാനത്തിന്റെ തോല്‍വിയാണ് എന്ന് നജീബ് കാന്തപുരം ആരോപിച്ചു.
സര്‍ക്കാര്‍ അതല്ലെങ്കില്‍ ഇക്കാര്യങ്ങളെല്ലാം മറച്ചു വെച്ചതാണ്. ആര്‍ക്കോ വേണ്ടി സര്‍ക്കാര്‍ ഇതില്‍ പണിയെടുത്തിട്ടുണ്ട്. ലാപ്‌ടോപോ, സ്‌കൂട്ടറോ മറ്റെന്തു സഹായമോ ലഭിക്കാനായി, ജനങ്ങള്‍ക്ക് നേരിട്ട് അപേക്ഷിക്കാന്‍ സാധിക്കില്ല. ഇത്തരം എന്‍ജിഒകള്‍ വഴി മാത്രമേ പോകാന്‍ സാധിക്കുകയുള്ളൂ. പണം കൊടുത്ത് വഞ്ചിതരായ ആളുകളെപ്പോലെ തന്നെ, വഞ്ചിതരായവരാണ് നാട്ടിലെ സന്നദ്ധസംഘടനകളും. സര്‍ക്കാര്‍ പണം അടിച്ചുകൊണ്ടുപോയവര്‍ക്ക് പിന്നാലെയല്ല ഇപ്പോള്‍ പോകുന്നത്. ഒരു അനന്തു മാത്രമാണ് ജയിലിലുള്ളത്. കേസെടുത്തുകൊണ്ടിരിക്കുന്നത് വഞ്ചിക്കപ്പെട്ട എന്‍ജിഒകള്‍ക്കെതിരെയാണെന്നും നജീബ് കാന്തപുരം പറഞ്ഞു.
തനിക്കെതിരെ എടുത്ത കേസ് പൂര്‍ണമായും രാഷ്ട്രീയപ്രേരിതമാണ്. ഈ കുറ്റകൃത്യത്തിന്റെ ഉത്തരവാദിയെ കണ്ടെത്താതെ, അവരെ വെറുതെ വിട്ടുകൊണ്ട് കൃത്യമായി സര്‍ക്കാര്‍ ക്രൈമിനെ വഴിതിരിച്ചുവിടുകയാണ്. ഒരു ക്രൈമില്‍ ഉദ്ദേശം പ്രധാനമാണ്. ഇതില്‍ എന്‍ജിഒകളുടെ ഉദ്ദേശം എന്താണ്. നാട്ടിലെ ജനങ്ങള്‍ക്ക് കഴിയുന്നത്ര സഹായം ചെയ്യുക എന്നതു മാത്രമാണ്.
ഇപ്പോള്‍ ആരോപണവിധേയമായിട്ടുള്ള നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തത് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ്. പാതിവിലയില്‍ ലാപ്‌ടോപ് ഉള്‍പ്പെടെ വിതരണം ചെയ്യുന്ന സംഘടന തീരദേശത്തേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ഇത് പുതിയ കാല്‍വെപ്പാണ്. ഈ സംഘടന പുതിയ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രസംഗിച്ചിരുന്നുവെന്ന് നജീബ് കാന്തപുരം കൂട്ടിച്ചേര്‍ത്തു.