• Thu. Sep 18th, 2025

24×7 Live News

Apdin News

സര്‍ക്കാര്‍ ജനദ്രോഹ നടപടികളെ അന്ധമായി ന്യായീകരിക്കുന്നു; സണ്ണി ജോസഫ്

Byadmin

Sep 18, 2025


സര്‍ക്കാര്‍ ജനദ്രോഹ നടപടികളെ അന്ധമായി ന്യായീകരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചീറ്റിപ്പോയെന്ന് പറഞ്ഞാല്‍ ജനങ്ങളത് വിശ്വസിക്കില്ല. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്തിനും കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനില്‍ നടന്ന പോലീസ് അതിക്രമങ്ങളുടെയും നേര്‍സാക്ഷ്യമാണ് പ്രതിപക്ഷം നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.

പോലീസ് അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് മുഖ്യമന്ത്രി തന്നെയാണ്. പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെടിച്ചെട്ടിയും ഹെല്‍മെറ്റും കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചപ്പോള്‍ അതിനെ രക്ഷാപ്രവര്‍ത്തനമെന്നല്ലെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
ആരോഗ്യ വകുപ്പും പ്രതിക്കൂട്ടിലാണ്. രോഗികളോട് നീതി പുലര്‍ത്താന്‍ കഴിയുന്നില്ലെന്നും ആരോഗ്യ വകുപ്പ് പ്രവര്‍ത്തനരഹിതമാണെന്നും തുറന്ന് പറഞ്ഞത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ.ഹാരിസാണ്.

കോട്ടയത്ത് മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് വീണ് മകളുടെ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മയാണ് മരിച്ചത്. അവരുടെ ജീവന്‍ രക്ഷപ്പെടുത്തേണ്ട സമയം നഷ്ടപ്പെടുത്തിയത് ഈ സര്‍ക്കാരിന്റെ രണ്ടു മന്ത്രിമാരാണ്. ചികിത്സാ പിഴവിന്റെ നീണ്ട നിരയാണ് ഇക്കാലയളവില്‍ പുറത്തുവന്നത്. പകര്‍ച്ച വ്യാധികള്‍ പടരുമ്പോഴും അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. വസ്തുതകള്‍ ഇതായിരിക്കെ സര്‍ക്കാര്‍ ജനദ്രോഹ നടപടികളെ അന്ധമായി ന്യായീകരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു

By admin