ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജോലി നഷ്ടമാകുമെന്ന ഭയത്തില്‍ ദമ്പതികള്‍ അവരുടെ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു. ചിന്ദ്വാര ജില്ലയിലാണ് സംഭവം. പ്രദേശത്തെ സര്‍ക്കാര്‍ ജോലി സംബന്ധമായ നയപ്രകാരം, രണ്ടു കുട്ടികളില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ ജോലി നഷ്ടപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭയത്താല്‍ മധ്യപ്രദേശിലെ സ്‌കൂള്‍ അധ്യാപകനായ ബബ്ലു ദണ്ഡോലിയ (38)യും ഭാര്യ രാജകുമാരി (28)യും കുട്ടിയെ കാട്ടില്‍ ജീവനോടെ കുഴിച്ചിട്ടതായി പോലീസ് പറഞ്ഞു.
ഗ്രാമവാസികള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടതോടെ അതിനെ ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തിയിരുന്നു. കുഞ്ഞിനെ കുഴിച്ചിട്ട ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ദമ്പതികള്‍ക്കെതിരെ കൊലപാതകശ്രമക്കുറ്റം ചുമത്തിയിട്ടുണ്ട്. ദമ്പതികള്‍ക്കു മുന്‍പ് മൂന്ന് കുട്ടികളുണ്ടെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബര്‍ 23ന് രാജകുമാരി നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചതും, പ്രസവിച്ചതിന് മൂന്നാം ദിവസമാണ് കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ടതും പോലീസ് വിശദീകരിച്ചു.
എന്‍സിആര്‍ബി ഡാറ്റ പ്രകാരം, മധ്യപ്രദേശ് രാജ്യത്ത് കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന സംഭവങ്ങളില്‍ മുന്നിലാണ്, തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ഒന്നാമതെത്തുന്നത്.