• Sat. Aug 2nd, 2025

24×7 Live News

Apdin News

സര്‍വകലാശാല ഭൂമിയിലെ സിപിഎം കയ്യേറ്റം കോണ്‍ഗ്രസ് സഹായത്തോടെ; 15 സെന്റ് വിട്ടുകൊടുത്തത് എ.കെ.ആന്റണി

Byadmin

Aug 2, 2025



തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ഭൂമി സിപിഎം കയ്യേറിയത് കോണ്‍ഗ്രസ് സഹായത്തോടെയെന്ന് രേഖകള്‍. സിപിഎം സംസ്ഥാന സെക്രട്ടറി ഇ.കെ.നായനാരുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ 1977ആഗസ്ത് 20ന് എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഭൂമി വിട്ടുകൊടുത്തത്. യൂണിവേഴ്‌സിറ്റിയുടെ അധീനതയിലുള്ള 15 സെന്റ് ഭൂമിയാണ് എകെജി മെമ്മോറിയല്‍ കമ്മിറ്റിക്ക് അനുവദിച്ചത്. എന്നാല്‍ എ.കെ.ഗോപാലന്റെ പേരിലുള്ള സിപിഎം പഠനഗവേഷണകേന്ദ്രത്തിന് ഇപ്പോള്‍ സ്വന്തമായുള്ളത് 55 സെന്റ് വസ്തു. ഇതില്‍ സര്‍വകലാശാലയുടേതില്‍ നിന്നും കയ്യേറിയ ഭൂമിയും. ഇക്കാര്യം വ്യക്തമായിട്ടും കോണ്‍ഗ്രസ് ഗുരുതരമായ മൗനം പാലിച്ചു. മാറിമാറിവന്ന സര്‍ക്കാരുകള്‍ നടപടിയെടുത്തില്ല. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട ഫയല്‍ റവന്യൂവകുപ്പില്‍ നിന്ന് മോഷണം പോകുകയും ചെയ്തു. ഇടത് സര്‍വീസ് സംഘടനാ നേതാക്കളുടെ സഹായത്തോടെ ഫയലുകള്‍ മാറ്റിയതാണെന്നാണ് ഉയരുന്ന ആരോപണം. ഈ ഫയല്‍ ഒഴികെ റവന്യൂവകുപ്പിന്റെ 1977 ലെ മുഴുവന്‍ ഫയലുകളും ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.

കയ്യേറ്റഭൂമിക്ക് തണ്ടപ്പേര് പിടിക്കാത്തതിനാല്‍ ഭൂമി ഇപ്പോഴും പുറമ്പോക്ക് എന്നാണ് വില്ലേജ് രേഖകളില്‍. ഇതുമൂലം കരം അടയ്‌ക്കാറില്ല. പുറമ്പോക്ക് ഭൂമിയില്‍ പ്രത്യേക ഉത്തരവുകളൊന്നുമില്ലാതെ തന്നെ വീട്ടുനമ്പര്‍ അനുവദിച്ചു നല്‍കിയിട്ടുണ്ട്. നാലുപതിറ്റാണ്ടിലേറെ തുടരുന്ന ഇടത് കോര്‍പ്പറേഷന്‍ ഭരണസമിതിയാണ് ടിസി 26/2727(1) എന്ന നമ്പര്‍ നല്‍കിയിട്ടുള്ളത്. ഇതുകൂടാതെ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദമില്ലാതെ സര്‍വകലാശാലയുടെ 15 സെന്റുകൂടി ഇടത് സിന്‍ഡിക്കേറ്റ് മുന്‍കൈയെടുത്ത് വിട്ടുകൊടുത്തു.

ശാസ്ത്രീയ സോഷ്യലിസത്തെക്കുറിച്ച് പഠനം നടത്താന്‍ ഒരു ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് എന്നിവയ്‌ക്ക് ആവശ്യമായ സ്ഥലം ഗ്യാസ് ഹൗസ് ജംഗ്ഷനില്‍ വിവേകാനന്ദ സെന്റനറി ഹാളിന്റെ കിഴക്ക് ഭാഗത്തും യൂണിവേഴ്‌സിറ്റി ഓഫീസിന്റെ തെക്കുഭാഗത്തുമുള്ള സര്‍വകലാശാല ഭൂമി പതിച്ചുനല്‍കണമെന്നായിരുന്നു ഇ.കെ.നായനാര്‍ ആവശ്യപ്പെട്ടത്. ഇതിലേക്കായി സ്വാതന്ത്ര്യസമര സേനാനിയായിരുന്ന എം.പി.മന്മഥന്‍, മുന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് സി. നാരായണപിള്ള, ലക്ഷ്മി എന്‍. മേനോന്‍ എന്നിവര്‍ ഉള്‍പ്പെട്ട എകെജി സ്മാരക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും നായനാര്‍ അപേക്ഷയില്‍ പറഞ്ഞിരുന്നു.

കൂടുതല്‍ വസ്തു ആഗ്രഹിച്ച സിപിഎം സര്‍വകലാശാല വസ്തുവില്‍ കണ്ണുവയ്‌ക്കുകയായിരുന്നു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായിരുന്ന സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയുടെ സ്വാധീനത്താല്‍ 1978 മാര്‍ച്ച് 14ന് ചേര്‍ന്ന യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗം 15 സെന്റ് കൂടി സിപിഎം ഗവേഷണകേന്ദ്രത്തിന് വിട്ടുനല്‍കി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതിരുന്നതിനാല്‍ ഇതിന് പട്ടയം പിടിക്കാനായില്ല.

1978 മാര്‍ച്ച് 22ന് എകെജി സെന്ററിന് തറക്കല്ലിട്ടു. 1988 ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സിപിഎം സഹയാത്രികനായ വി സി ഡോ. ജി.ബി.തമ്പിയും സിന്‍ഡിക്കേറ്റംഗമായ സിപിഎം നേതാവ് ജി. സുധാകരനും ചേര്‍ന്ന് സര്‍വകലാശാലയുടെ കൂടുതല്‍ ഭൂമി സിപിഎം കേന്ദ്രത്തിന് രഹസ്യമായി വിട്ടുകൊടുക്കുകയും സര്‍വകലാശാലയുടെ ചെലവില്‍ എകെജി സെന്ററിനോട് ചേര്‍ന്ന് മതില്‍ നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ സിപിഎം പറയുന്നത് എ.കെ.ആന്റണി 34.4 സെന്റ് വസ്തു വിട്ടുകൊടുത്തുവെന്നാണ്. ഫയലുകള്‍ നേരത്തെ മാറ്റിയതുകൊണ്ട് സത്യം കണ്ടുപിടിക്കാനാകില്ലെന്ന ധാരണയാലാണിത്. എന്നാല്‍ ശാസ്ത്രസാഹിത്യപരിഷത്തിന്റെയും സിപിഎമ്മിന്റെയും സഹയാത്രികനായ ഡോ. ബി. ഇക്ബാല്‍ വി സിയായിരിക്കവെ പ്രസിദ്ധീകരിച്ച ‘സര്‍വകലാശാല ചരിത്ര’ ത്തില്‍ വിവേകാനന്ദ സെന്റനറി ഹാളിന് 50 സെന്റും എകെജി സെന്ററിന് 15 സെന്റും സര്‍ക്കാര്‍ അനുവദിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഗവര്‍ണര്‍ സര്‍വകലാശാലയോട് റിപ്പോര്‍ട്ട് തേടിയതോടെ സിപിഎം കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടായിട്ടുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി അഭിപ്രായവ്യത്യാസം ഉടലെടുത്തപ്പോള്‍ത്തന്നെ അപകടം മണത്തറിഞ്ഞ സിപിഎം പുതിയ പാര്‍ട്ടി ആസ്ഥാനം പടുത്തുയര്‍ത്തി അതിലേക്ക് ആസ്ഥാനം മാറ്റിയിട്ടുണ്ടെങ്കിലും സര്‍വകലാശാല ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല.

By admin