• Thu. Oct 30th, 2025

24×7 Live News

Apdin News

സര്‍വ്വം മായം; കഴിക്കുന്നതിലധികവും ‘ കളറാണ് ‘ – ആഹാരരീതിയില്‍ കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

Byadmin

Oct 30, 2025


കൊല്ലം: പുറത്തിനിന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് ശക്തമായ മുന്നറിയിപ്പ് നല്‍കി. ഭക്ഷണവസ്തുക്കളില്‍ മാരകമായ രാസവസ്തുക്കളും കൃത്രിമ പദാര്‍ത്ഥങ്ങളും വ്യാപകമായി ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെ സംസ്ഥാനത്ത് ശേഖരിച്ച ഭക്ഷ്യസാമ്പിളുകളില്‍ ഫോര്‍മാലിന്‍, അമോണിയ, കീടനാശിനികള്‍, കൃത്രിമ നിറങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍, മാലിന്യങ്ങള്‍ തുടങ്ങിയ ഹാനികരമായ ഘടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മത്സ്യം, പച്ചക്കറികള്‍, പഴങ്ങള്‍, വെളിച്ചെണ്ണ, തേയിലപ്പൊടി, കുടിവെള്ളം തുടങ്ങി ജനങ്ങള്‍ പതിവായി ഉപയോഗിക്കുന്ന പല ഉല്‍പന്നങ്ങളിലും മായം കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം രാസവസ്തുക്കള്‍ ശരീരത്തിന് ദീര്‍ഘകാല ദോഷങ്ങള്‍ ഉണ്ടാക്കുകയും ചിലത് മരണത്തില്‍ കലാശിക്കാനും സാധ്യതയുണ്ടെന്നും അതിനാല്‍ ബാഹ്യാഹാര ഉപഭോഗത്തില്‍ കരുതല്‍ അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഹോട്ടലുകളില്‍ ജോലി ചെയായുന്നവര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കണം എന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹെല്‍ത്ത് കാര്‍ഡില്ലാതെ തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യകുടുംബക്ഷേമ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ‘ എല്ലാ വെളിച്ചെണ്ണയും നാടന്‍ അല്ല ‘ എന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടില്‍ ഉണ്ട്.

ചില മില്ലുകളില്‍ തേങ്ങ ഉണക്കുമ്പോള്‍ സള്‍ഫര്‍ പുരട്ടുന്നതായും, ലേബല്‍ ഇല്ലാതെ എണ്ണ വില്‍ക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടിണ്ട്. സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെയും ഭക്ഷണവസ്തുക്കള്‍ക്ക് കൃത്യമായ പരിശോധന വേണമെന്നും അതിനായി ഫുഡ് സേഫ്റ്റി, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശസ്ഥാപനം, പൊതുവിതരണം തുടങ്ങിയ വകുപ്പുകളുടെ സംയുക്ത പരിശോധന ആവശ്യമാണ് എന്നും നിര്‍ദേശിച്ചു. ‘ ഭക്ഷണം ജീവന്‍ തന്നെയാണ്, പക്ഷേ മായം കലര്‍ന്നാല്‍ അത് വിഷമാകുമെന്നും ‘ ആരോഗ്യവകുപ്പ് ജനങ്ങളോട് വ്യക്തമാക്കി.

 

By admin