കൊച്ചി: പുള്ളുവന്‍ പാട്ട് കേട്ട്, നാഗദൈവങ്ങളെ ദര്‍ശിച്ച് ഡോ. മോഹന്‍ ഭാഗവതിന്റെ കേരളത്തിലെ സംഘടനാപരിപാടികള്‍ക്ക് തുടക്കം. ആമേട മനയില്‍ ഇന്ന് പുലര്‍ച്ചെ പുള്ളുവന്‍ പാട്ട് കേട്ട് അനുഗ്രഹം തേടിയ അദ്ദേഹം ശേഷം സപ്തമാതൃ നാഗക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. ക്ഷേത്ര ഭാരവാഹികള്‍ മാലയണിയിച്ച്, വെള്ളിയില്‍ തീര്‍ത്ത സപ്തമാതൃ നാഗശില്പം നല്കി അദ്ദേഹത്തെ സ്വീകരിച്ചു.
അഞ്ച് പത്തികളില്‍ അഖണ്ഡഭാരതമടങ്ങുന്ന ഭൂഗോളത്തെ താങ്ങുന്ന നാഗദൈവവും ബ്രാഹ്‌മണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ സപ്തമാതൃക്കളും പീഠത്തിലുറപ്പിച്ച ശില്പമാണ് സര്‍സംഘചാലകിനായി തയാറാക്കിയത്.
ശില്പം നിര്‍മ്മിച്ച വിഖ്യാത ശില്പിയും തപസ്യ കലാസാഹിത്യവേദി തൃപ്പൂണിത്തുറ യൂണിറ്റ് അധ്യക്ഷനുമായ എം.എല്‍. രമേശിനെ സര്‍സംഘചാലക് പൊന്നാട ചാര്‍ത്തി ആദരിച്ചു. ആര്‍എസ്എസ് എറണാകുളം വിഭാഗ് സംഘചാലക് ആമേട എ. വാസുദേവന്‍, ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍, സഹപ്രചാരക് കെ. പ്രശാന്ത് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.