ആലപ്പുഴ: എസ്.ഐ. വേഷത്തില്‍ ട്രെയിന്‍യാത്ര നടത്തിയ യുവാവ് അറസ്‌റ്റില്‍. തിരുവനന്തപുരം രോഹിണിഭവനില്‍ അഖിലേഷിനെയാണ് (30) റെയില്‍വേ പോലീസ് പിടികൂടിയത്. തിരുവനന്തപുരം-ഗുരുവായൂര്‍ ചെന്നൈ എഗ്‌മോര്‍ ട്രെയിനില്‍ ഇന്നലെ പുലര്‍ച്ചയാണു സംഭവം.
കായംകുളം സ്‌റ്റേഷന്‍ വിട്ടപ്പോള്‍ ട്രെയിനില്‍ പരിശോധന നടത്തിയ റെയില്‍വേ പോലീസ് സംഘം യൂണിഫോമില്‍ കണ്ടയാളെ സല്യൂട്ട് ചെയ്‌തു. തിരിച്ചുള്ള പ്രതികരണത്തില്‍ തോന്നിയ സംശയമാണ് യുവാവ് പിടിയിലാകാന്‍ കാരണം. ചോദ്യംചെയ്‌തപ്പോള്‍ ഇരിങ്ങാലക്കുട സ്‌റ്റേഷനിലെ എസ്.ഐയാണെന്നും തൃശൂരിലേക്കു പോകുകയാണെന്നും ഇയാള്‍ പറഞ്ഞു.
തൊപ്പിയടക്കമുള്ള വേഷത്തിനൊപ്പം പോലീസിന്റെ ഔദ്യോഗികചിഹ്നവും യുവാവ് ധരിച്ചിരുന്നു. യൂണിഫോമില്‍ പേരുമുണ്ടായിരുന്നു. ഇതു കളവാണെന്നു തിരിച്ചറിഞ്ഞതോടെ ഇയാളെ ആലപ്പുഴ റെയില്‍വേ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് എസ്.ഐ: കെ. ബിജോയ് കുമാറിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യംചെയ്‌തപ്പോള്‍ തൃശൂരില്‍ പി.എസ്.സി പരീക്ഷയെഴുതാന്‍ പോയതാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു.
ചെറുപ്പം മുതല്‍ പോലീസില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും ഇതിനായി ടെസ്‌റ്റ് എഴുതിയെങ്കിലും പാസായില്ലെന്നും യുവാവ് പറഞ്ഞു. ആഗ്രഹം സഫലമാക്കാനാണു പോലീസ് വേഷം ധരിച്ച് ട്രെയിനില്‍ യാത്രചെയ്‌തതെന്നാണു മൊഴി. എന്നാല്‍ യൂണിഫോം ദുരുപയോഗം നടത്തിയോ എന്നതടക്കമുള്ള കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. പോലീസിന്റെ ഔദ്യോഗിക ചിഹ്നവും വേഷവും മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.