
ജയ്‌പൂര്‍: സഹകരണവും കൃഷിയും വ്യവസായവുമാണ് വികസനത്തിന്റെ അടിസ്ഥാന ശിലകളെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ആര്‍എസ്എസ് ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ ജയ്‌പൂര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലെ പൃത്ഥിരാജ് ചൗഹാന്‍ ഓഡിറ്റോറിയത്തില്‍ സംരംഭക സംവാദം- പുതിയ ചക്രവാളങ്ങള്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷി, വ്യാപാരം, വ്യവസായം എന്നിവ ഒത്തുചേര്‍ന്ന് പരസ്പര ആശ്രയത്വത്തിലൂടെ നാട് പുരോഗമിക്കണം. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ സമ്പദ്വ്യവസ്ഥയെ വികേന്ദ്രീകരിക്കുന്നു. അവയ്‌ക്ക് രാജ്യത്ത് സുഗമമായി പ്രവര്‍ത്തിക്കുന്നതിന് അന്തരീക്ഷം ഒരുക്കേണ്ടത് വന്‍കിട വ്യവസായങ്ങളുടെ ഉത്തരവാദിത്തമാണ്. ചെറുകിട വ്യവസായങ്ങള്‍ തൊഴില്‍, കഴിവുകള്‍, നിലവാരം, ഉത്പാദനക്ഷമത എന്നിവ വര്‍ദ്ധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധതകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ലോകത്തെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം ഭാരതത്തിന്റേതാണെന്ന് സര്‍സംഘചാലക് പറഞ്ഞു. രാഷ്‌ട്രത്തെ സമ്പന്നമാക്കുകയും ലോകനേതൃസ്ഥാനത്തെത്തിക്കുക എന്നത് എല്ലാവരുടെയും കടമയാണ്, ഇത് നേടിയെടുക്കാന്‍ എല്ലാവരും ഒരുമിച്ചുചേരേണ്ടതുണ്ട്.
സംഘം ഏതെങ്കിലും പ്രത്യേക വിഷയം മൂലം സ്ഥാപിതമായതല്ല. ആരെയും നശിപ്പിക്കാനല്ല സംഘം രൂപീകരിച്ചത്. നമ്മുടെ തനിമ ഹിന്ദുവാണ്. ഹിന്ദു എന്ന വാക്ക് എല്ലാവരെയും ഒന്നിപ്പിക്കുന്നു. ഈ രാഷ്‌ട്രം സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിലാണ് ഏകീകരിക്കപ്പെട്ടിരിക്കുന്നത്. പുരാതന കാലത്ത്, നിരവധി നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നപ്പോഴും നമ്മള്‍ ഒറ്റ രാജ്യമായിരുന്നു, വിദേശ ഭരണത്തിന്‍ കീഴിലായിരുന്നപ്പോഴും, നമ്മള്‍ ഒരു രാജ്യമായിരുന്നുവെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
ആരോഗ്യകരമായ ഒരു സമൂഹത്തെ നിര്‍വചിക്കുന്നത് അതിന്റെ സംഘടിതാവസ്ഥയാണ്. സംഘം സ്വയംസേവകരെ സജ്ജരാക്കുന്നു. സ്വയംസേവകര്‍ സംഘടിത സമാജം സൃഷ്ടിക്കുന്നു. സമ്പൂര്‍ണസമാജവും ദേശീയ താല്‍പ്പര്യത്തില്‍ ജീവിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് സംഘത്തിന്റെ ഭാവി പ്രവര്‍ത്തനം. സമൂഹത്തിന്റെ ഉദാത്തമായ ശക്തി ഉണരണം, സാമൂഹിക ഐക്യത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കണം, ക്ഷേത്രങ്ങള്‍, ജലാശയങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവ എല്ലാവര്‍ക്കും തുറന്നിടണം. എല്ലാ കുടുംബാംഗങ്ങളും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഒത്തുകൂടണം. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കെടുക്കണം. എല്ലാവരിലും സ്വത്വ ബോധവും സ്വദേശിബോധവും ഉണര്‍ത്തണം, രാഷ്‌ട്രം സ്വയംപര്യാപ്തമാകണം. പൗരധര്‍മ്മത്തെക്കുറിച്ചും അച്ചടക്കത്തെക്കുറിച്ചും ജാഗ്രത പാലിക്കുകയും നിയമങ്ങളെയും ഭരണഘടനയെയും അനുസരിക്കണം. സമൂഹം മുഴുവന്‍ ഒന്നായി ഒരുമിച്ച് പ്രവര്‍ത്തിക്കണം, എല്ലാവരും പരസ്പരം പൂരകമാകണം, സര്‍സംഘചാലക് പറഞ്ഞു.
രാജസ്ഥാന്‍ ക്ഷേത്ര സംഘചാലക് രമേശ് ചന്ദ്ര അഗര്‍വാള്‍ സന്നിഹിതനായിരുന്നു.