• Mon. Aug 4th, 2025

24×7 Live News

Apdin News

സഹോദരൻ്റെ അറസ്റ്റ്: ‘പൊലീസ് അന്വേഷണത്തിൽ ഇടപെടില്ല’: പി.കെ ഫിറോസ്

Byadmin

Aug 4, 2025


മഫ്തിയിലുള്ള പോലീസുകാരെ അക്രമിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നുമുള്ള കുറ്റം ചുമത്തി സഹോദരൻ ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടക്കട്ടെ എന്നും പൊലീസ് കേസിൽ ഒരു തരത്തിലും ഇടപെടില്ല എന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹോദരൻ ഒരു വ്യക്തിയാണ്, അദ്ദേഹത്തിന് എൻ്റെ രാഷ്ട്രീയത്തോട് ആഭിമുഖ്യം ഇല്ല എന്ന് മാത്രമല്ല സ്ഥിരമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. നമ്മുടെയൊക്കെ പല കുടുംബങ്ങളിലും അങ്ങിനെയുള്ള വ്യക്തികൾ ഉണ്ടാവാറുണ്ട്. ഈ രീതിയിലുള്ള ഒരാൾ ചെയ്ത കുറ്റത്തിന് കുടുംബത്തിലെ മറ്റു വ്യക്തികളെ ചേർത്ത് പറഞ്ഞ് പഴിചാരുന്നത് ശരിയായ പ്രവണതയല്ല.

അതേസമയം, ലഹരി ഇടപാട് നടത്തിയിരുന്ന റിയാസ് തൊടുകയിൽ എന്ന വ്യക്തിയുമായി മൊബൈൽ ചാറ്റ് നടത്തിയെന്ന് പൊലീസ് ആരോപിക്കുമ്പോഴും സി പി എം പ്രവർത്തകനായ റിയാസ് തൊടുകയിലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാനുള്ള കാരണമെന്താണെന്നത് സംശയം ഉളവാക്കുന്നതാണ്. റിയാസിനെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കി കൊണ്ട് പോയത് സി പി എമ്മി ൻ്റെ ലോക്കൽ കമ്മറ്റി നേതാക്കൾ ഉൾപ്പടെയുള്ളവരാണ്. ഇത് മറച്ച് വെച്ച് കൊണ്ടാണ് സൈബർ സഖാക്കൾ വ്യാജ പ്രചാരണം നടത്തുന്നത്.

സഹോദരനെതിരെയുള്ള കേസിൽ ഞാനോ എൻ്റെ പാർട്ടിയോ ഈ നിമിഷം വരെ ഇടപെട്ടിട്ടില്ല. ഇനി ഇടപെടുകയുമില്ലെന്നും ഫിറോസ് കൂട്ടി ചേർത്തു. കെ ടി ജലീലിനും ബിനീഷ് കൊടിയേരിക്കും തന്നോടുള്ള വ്യക്തി വൈരാഗ്യത്തിന് കാരണം മലയാളിക്ക് ബോധ്യമുള്ളതാണെന്നും അധികാരത്തിൻ്റെ തണലിൽ നിന്ന് കൊള്ളരുതായ്മകൾ കാണിച്ചാൽ ഇനിയും ശക്തമായി പ്രതികരിക്കുമെന്നും തൻ്റെ വായ മൂടികെട്ടാൻ കഴിയില്ലെന്നും ഫിറോസ് വ്യക്തമാക്കി.

By admin