മുംബൈ: ദേശസ്നേഹത്തിന്റെ പ്രതീകമായ ഛത്രപതി ശിവാജിയുടെ മകന്‍ സാംബാജി മഹാരാജിനെ അതിക്രൂരമായി പീഡിപ്പിച്ച ഔറംഗസീബ് ചക്രവര്‍ത്തിയെ പുകഴ്‌ത്തുകയും സാംബാജി മഹാരാജിനെ ഇകഴ്‌ത്തുകയും ചെയ്ത സമാജ് വാദി പാര്‍ട്ടിയുടെ എംഎല്‍എ ആയ അബു ആസ്മിയെ മഹാരാഷ്‌ട്ര നിയമസഭയില്‍ നിന്നും സസ്പെന്‍റ് ചെയ്തു. മാര്‍ച്ച് 26വരെയാണ് സസ്പെന്‍ഷന്‍. അതുവരെ അബു ആസ്മിക്ക് നിയമസഭയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.
ബിജെപി നേതാവും മഹാരാഷ്‌ട്ര മന്ത്രിയായ ചന്ദ്രകാന്ത് പാട്ടീലാണ് സഭയില്‍ സസ്പെന്‍ഷന് വേണ്ടിയുള്ള പ്രമേയം പാസാക്കിയത്. ഔറംഗസീബിനെ പ്രശംസിക്കുന്നത് ഛത്രപതി ശിവജിയേയും അദ്ദേഹത്തിന്റെ മകന്‍ സാംബാജി മഹാരാജിനെയും അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് ബിജെപി, ശിവസേന അംഗങ്ങള്‍ വാദിച്ചു. തുടര്‍ന്ന് ശബ്ദവോട്ടോടെ ഈ പ്രമേയം പാസാക്കുകയായിരുന്നു.
ഔറംഗസീബിനെവിമര്‍ശിച്ചും സാംബാജിയെ വിമര്‍ശിച്ചും അബു ആസ്മി നടത്തിയ പ്രസംഗം ഒരു നിയമസഭാംഗത്തിന് ചേരുന്നതല്ലെന്നും ചന്ദ്രകാന്ത് പാട്ടീല്‍ പ്രമേയപ്രസംഗത്തില്‍ ആരോപിച്ചിരുന്നു.
വിവാദപരാമര്‍ശത്തിന്റെ പേരില്‍ പരസ്യമായി മഹാരാഷ്‌ട്രയിലെ ജനങ്ങളോട് അബു ആസ്മി മാപ്പ് പറയണമെന്ന് ഏക്നാഥ് ഷിന്‍ഡേ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അബു ആസ്മി വിവാദപരാമര്‍ശം പിന്‍വലിച്ചിരുന്നു.