ചെന്നൈ: ചൈനയില്‍ ഉല്‍പാദനം വേണ്ടെന്ന് തീരുമാനിച്ച് പുറത്തുവരുന്ന കമ്പനികള്‍ക്ക് ഇതാ ഇന്ത്യ എന്ന് വിളംബരം ചെയ്തുവരികയായിരുന്ന മോദി സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ കച്ചകെട്ടി സിഐടിയു. തമിഴ്നാട്ടില്‍ സാംസങ് ഫാക്ടറിയ്‌ക്കെതിരെ കുത്തിത്തിരുപ്പ് സമരം തുടങ്ങിയ മൂന്ന് സിഐടിയു നേതാക്കളെ പുറത്താക്കിയപ്പോള്‍ അവരെ തിരിച്ചെടുക്കണമെന്ന് പ്രഖ്യാപിച്ച് സമരം ശക്തമാക്കുകയാണ് സിഐടിയു.
സിഐടിയുവിന്റെ ഭാഗമാണ് സാംസങ്ങ് ഇന്ത്യ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐഡബ്ല്യു യു). അവരെ സഹായിക്കാനും സാംസങ്ങ് മുതലാളിമാരെ വിറപ്പിക്കാനുമാണ് മാര്‍ച്ച് 13മോ മാര്‍ച്ച് 14നോ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഭീഷണിപ്പെടുത്തി വിവിധ 42 കമ്പനികള്‍ക്ക് സിഐടിയും നോട്ടീസ് നല്‍കിയിരിക്കുന്നത്. ചെന്നൈയിലെ ശ്രീപെരുമ്പതൂര്‍, ഒറഗാഡം വ്യാവസായിക പ്രദേശത്തെ 42 കമ്പനികള്‍ക്കാണ് അനിശ്ചിതകാല സമരനോട്ടീസ് നല്‍കിയിരിക്കുന്നത്. ഹ്യൂണ്ടായി, ബ്രിട്ടാനിയ, അപ്പോളോ ടയേഴ്സ് തുടങ്ങിയ 42ഓളം വിദേശ-ഇന്ത്യന്‍ ബ്രാന്‍റുകളുടെ കമ്പനികള്‍ക്കാണ് അനിശ്ചിതകാല സമര നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതുവഴി സാംസങ്ങ് ഉടമസ്ഥരെ സിഐടിയുവിന് മുന്‍പില്‍ സാഷ്ടാംഗം നമസ്കരിപ്പിക്കുകയാണ് ലക്ഷ്യം.
എന്തുകൊണ്ടാണ് സഖ്യകക്ഷിയായ സിഐടിയുവിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കഴിയാത്തത്? അതിനര്‍ത്ഥം ഈ സമരം സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ അല്ല, മോദിയ്‌ക്ക് എതിരെയാണ് എന്നുള്ളതാണ്. അതായത് ഇന്ത്യയിലേക്ക് വരാന്‍ പോകുന്ന ശതകോടികളുടെ നിക്ഷേപത്തെ തകര്‍ക്കണം. അതാണ് അന്തിമലക്ഷ്യം. ദ്രാവിഡപാര്‍ട്ടിയും കമ്മ്യൂണിസ്റ്റുകാരും ചേര്‍ന്നുള്ള രഹസ്യധാരണയാണത്. ഇന്ത്യയില്‍ ഉല്‍പാദനസംരംഭങ്ങള്‍ ആരംഭിക്കാന്‍ മോഹിക്കുന്ന ആഗോളകമ്പനികള്‍ക്ക് ഇന്ത്യ ഫാക്ടറി സമരങ്ങളുടെ കൂടി നാടാണ് എന്ന തെറ്റായ സന്ദേശം എത്തിക്കാനാണ് ഈ ശ്രമമെന്ന് വേണം കരുതാന്‍. ഇന്ത്യയിലേക്ക് അമേരിക്ക, യൂറോപ്പ്, തെക്കന്‍ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിര്‍മ്മാണ ഫാക്ടറികള്‍ എത്തുന്നത് തടയാന്‍ സര്‍വ്വശ്രമങ്ങളും നടത്തുന്ന ചൈനയുടെ ചാരന്മാരാണോ ഇന്ത്യയിലെ സിഐടിയു എന്ന സംശയം ബലപ്പെടുകയാണ്.
നേരത്തേ മുതലേ ചൈനയെ ചങ്കില്‍ കൊണ്ടുനടക്കുന്ന ഇന്ത്യയിലെ സഖാക്കന്മാര്‍ക്ക് മോദി സര്‍ക്കാരിനെ തോല്‍പിക്കാന്‍, ഇന്ത്യയെ തോല്‍പിക്കാന്‍ ഇത്തരം പരിപാടിയിലൂടെ മാത്രമേ കഴിയൂ. അതാണ് അവര്‍ ചെയ്യുന്നതും. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ വിശ്രമമില്ലാത്ത വിദേശയാത്രകള്‍ മുഴുവന്‍ ഇത്തരമൊരു ലക്ഷ്യത്തിനായാണ് സമര്‍പ്പിച്ചിരുന്നത്. ഇപ്പോഴിതാ അദ്ദേഹം ഏറെക്കൊതിച്ച ഇലോണ്‍ മസ്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ് ലയും ഇന്ത്യയില്‍ ഫാക്ടറി തുറക്കാന്‍ പോവുകയാണ്. ആപ്പിള്‍ ഐ ഫോണ്‍ നേരത്തേ വന്നതാണ്. ഇന്ത്യയെ ആഗോള തലത്തില്‍ സെമികണ്ടക്ടര്‍ മേഖലയില്‍ വന്‍ശക്തിയാക്കാന്‍ തായ് വാനെയും ജപ്പാനെയും കൂട്ടുപിടിച്ച് ടാറ്റ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകളുടെ സഹകരണത്തോടെയാണ് സെമികണ്ടക്ടര്‍ രംഗത്ത് ഇന്ത്യ വന്‍ശക്തിയായി മാറിക്കൊണ്ടിരിക്കുന്നത്. അതിനിടെയാണ് ഇന്ത്യയുടെ സമരക്കാരുടെ നാട് എന്ന ദുഷ്പേര് ആഗോളകമ്പനികളുടെ ചെവിയില്‍ എത്തിക്കാന്‍ സിഐടിയുക്കാര്‍ ശ്രമിക്കുന്നത്.