
നമ്മുടെ രാഷ്‌ട്രത്തിന്റെ ദീര്‍ഘവും പ്രചോദനാത്മകവുമായ യാത്രയില്‍, ഗാനങ്ങളും കലയും പ്രസ്ഥാനങ്ങളുടെ ആത്മാവായി മാറുകയും, കൂട്ടായ വികാരത്തെ പ്രവര്‍ത്തനത്തിലേക്ക് രൂപപ്പെടുത്തുകയും ചെയ്ത നിരവധി നിര്‍ണായക നിമിഷങ്ങളുണ്ടായിട്ടുണ്ട്. ഛത്രപതി ശിവാജി മഹാരാജിന്റെ സൈന്യത്തിന്റെ യുദ്ധഗീതങ്ങളായാലും, സ്വാതന്ത്ര്യസമരകാലത്ത് ആലപിച്ച ദേശഭക്തിഗാനങ്ങളായാലും, അടിയന്തരാവസ്ഥക്കാലത്തെ യുവാക്കളുടെ ധീരമായ ഈണങ്ങളായാലും, ഭാരതീയ സമൂഹത്തില്‍ ഗാനങ്ങള്‍ എപ്പോഴും കൂട്ടായ ബോധത്തെയും ഐക്യത്തെയും ഉണര്‍ത്തിയിട്ടുണ്ട്.
അക്കൂട്ടത്തില്‍ ഭാരതത്തിന്റെ ദേശീയ ഗീതമായ ‘വന്ദേമാതര’വും ഉള്‍പ്പെടുന്നു. അതിന്റെ കഥ ആരംഭിച്ചത് യുദ്ധക്കളത്തിലല്ല; മറിച്ച്, പണ്ഡിതനായ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ശാന്തവും എന്നാല്‍ ദൃഢനിശ്ചയമുള്ളതുമായ മനസിലാണ്. 1875-ല്‍, ജഗദ്ധാത്രി പൂജയുടെ (കാര്‍ത്തിക് ശുക്ല നവമി അഥവാ അക്ഷയ നവമി) ശുഭവേളയില്‍, അദ്ദേഹം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ നിത്യഗാനമായി മാറുന്ന ഗീതം രചിച്ചു. പവിത്രമായ ആ വരികളില്‍, രാജ്യത്തിന്റെ ഏറ്റവും ആഴമേറിയ നാഗരിക വേരുകളില്‍ നിന്ന് അദ്ദേഹം പ്രചോദനം
ഉള്‍ക്കൊണ്ടു. അഥര്‍വവേദത്തിന്റെ ”മാതാ ഭൂമിഃ പുത്രോ അഹം പൃഥിവ്യാ” (‘ഭൂമി എന്റെ അമ്മയാണ്, ഞാന്‍ അവളുടെ മകനാണ്’) എന്ന പ്രഖ്യാപനം മുതല്‍ ദേവി മാഹാത്മ്യത്തിലെ ദിവ്യമാതാവിനെക്കുറിച്ചുള്ള പ്രാര്‍ത്ഥനവരെ ഇതിന് ആധാരമായി.
ബങ്കിം ബാബുവിന്റെ വാക്കുകള്‍ ഒരേ സമയം പ്രാര്‍ത്ഥനയും പ്രവചനവുമായിരുന്നു. ‘വന്ദേമാതരം’ വെറും ദേശീയ ഗീതമോ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ജീവരക്തമോ ആയിരുന്നില്ല. ബങ്കിം ചന്ദ്രയുടെ സാംസ്‌കാരിക ദേശീയതയുടെ ആദ്യ പ്രഖ്യാപനമായിരുന്നു അത്. ഭാരതം വെറും ഭൂമിശാസ്ത്രപരമായ പ്രദേശമല്ല; മറിച്ച് ഭൂപടത്തിലെ വരകളില്‍ ഒതുങ്ങാതെ, പൊതുവായ സംസ്‌കാരം, സ്മരണ, ത്യാഗം, വീര്യം, മാതൃത്വം എന്നിവയാല്‍ ഐക്യപ്പെട്ട ഭൂ-സാംസ്‌കാരിക നാഗരികതയാണ് എന്ന് അത് നമ്മെ ഓര്‍മിപ്പിച്ചു. ഇത് വെറും ഭൂമിയല്ല; അത് ഭക്തിയും കര്‍ത്തവ്യബോധവും കൊണ്ട് പുണ്യമായ തീര്‍ത്ഥമാണ്; ഒരു പുണ്യഭൂമിയാണ്.
മഹര്‍ഷി അരബിന്ദോ വിവരിച്ചതുപോലെ, ബങ്കിം ആധുനിക ഭാരതത്തിന്റെ ഋഷിവര്യനായിരുന്നു. അദ്ദേഹം തന്റെ വാക്കുകളിലൂടെ രാഷ്‌ട്രത്തിന്റെ ആത്മാവിനെ വീണ്ടും ഉണര്‍ത്തി. അദ്ദേഹത്തിന്റെ ‘ആനന്ദമഠം’ വെറുമൊരു നോവല്‍ ആയിരുന്നില്ല; സുഷുപ്തിയിലായിരുന്ന ജനതയെ അതിന്റെ ദിവ്യശക്തി വീണ്ടും കണ്ടെത്താന്‍ പ്രേരിപ്പിച്ച ഗദ്യമന്ത്രമായിരുന്നു അത്. ബങ്കിം ബാബു തന്റെ ഒരു കത്തില്‍ എഴുതിയതിങ്ങനെ: ‘എന്റെ എല്ലാ കൃതികളും ഗംഗയില്‍ നഷ്ടപ്പെട്ടാലും എനിക്ക് എതിര്‍പ്പില്ല; ഈ ഒരു ഗീതം മാത്രം അനശ്വരമായി നിലനില്‍ക്കും. അതൊരു മഹത്തായ ഗാനമായിരിക്കും, ജനങ്ങളുടെ ഹൃദയങ്ങളെ കീഴടക്കും.’ ഈ വാക്കുകള്‍ പ്രവചനാത്മകമായിരുന്നു. കോളനിവാഴ്ചയുടെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളില്‍ ഒന്നില്‍ എഴുതിയ ‘വന്ദേമാതരം’ ഉണര്‍വിന്റെ പ്രഭാതഗാനമായി മാറി. സാംസ്‌കാരിക അഭിമാനവും നാഗരിക ദേശീയതയും സംയോജിപ്പിച്ച ഗാനമായി അതു മുഴങ്ങി. മാതൃഭൂമിയോടുള്ള ഭക്തിയാല്‍ തന്റെ ഓരോ അണുവിലും അനുരണനം ചെയ്ത ഒരു മനുഷ്യന് മാത്രമേ അത്തരം വരികള്‍ എഴുതാന്‍ കഴിയുമായിരുന്നുള്ളൂ.
1896-ല്‍, രബീന്ദ്രനാഥ ടാഗോര്‍ ‘വന്ദേമാതരം’ എന്ന ഗാനം കല്‍ക്കട്ട കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആലപിച്ചു. അത് ആ ഗീതത്തിന് അതിന്റെ ശബ്ദവും അനശ്വരതയും നല്‍കി. ഭാഷയുടെയും പ്രദേശത്തിന്റെയും അതിര്‍വരമ്പുകള്‍ മറികടന്ന്, രാജ്യത്തുടനീളം പ്രതിധ്വനിച്ചു. തമിഴ്നാട്ടില്‍, സുബ്രഹ്മണ്യ ഭാരതി ഇത് തമിഴിലേക്ക് മൊഴിമാറ്റം ചെയ്തു, പഞ്ചാബില്‍ വിപ്ലവകാരികള്‍ ബ്രിട്ടീഷ് ഭരണത്തെ ധിക്കരിച്ച് അത് ആലപിച്ചു.
1905-ല്‍ ബംഗാള്‍ വിഭജന സമയത്ത്, പ്രവിശ്യയിലുടനീളം കലാപം
പൊട്ടിപ്പുറപ്പെട്ടപ്പോള്‍, ബ്രിട്ടീഷുകാര്‍ ‘വന്ദേമാതരം’ പരസ്യമായി ചൊല്ലുന്നത് നിരോധിച്ചു. എന്നിരുന്നാലും, 1906 ഏപ്രില്‍ 14-ന്, ബരിസാലില്‍, ആയിരക്കണക്കിന് ആളുകള്‍ ഉത്തരവ് ലംഘിച്ചു. സമാധാനപരമായി പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയപ്പോള്‍, സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തെരുവില്‍ ചോരയൊലിപ്പിച്ച് നിന്നു; ഒരേ സ്വരത്തില്‍ ‘വന്ദേ മാതരം’ എന്ന് ആര്‍ത്തുവിളിച്ചു.
അവിടെ നിന്ന്, ഈ വിശുദ്ധ ഗാനം ഗദ്ദര്‍ പാര്‍ട്ടിയുടെ വിപ്ലവകാരികളോടൊപ്പം കാലിഫോര്‍ണിയയിലേക്ക് സഞ്ചരിച്ചു. നേതാജിയുടെ സൈനികര്‍ സിംഗപ്പൂരില്‍ നിന്ന് മാര്‍ച്ച് ചെയ്യുമ്പോള്‍ ആസാദ് ഹിന്ദ് ഫൗജിന്റെ നിരകളില്‍ അത് പ്രതിധ്വനിച്ചു. 1946-ലെ റോയല്‍ ഇന്ത്യന്‍ നേവി കലാപത്തില്‍ ബ്രിട്ടീഷ് യുദ്ധക്കപ്പലുകളില്‍ ഇന്ത്യന്‍ നാവികര്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോഴും അത് മുഴങ്ങി. ഖുദിറാം ബോസ് മുതല്‍ അഷ്ഫാഖുള്ള ഖാന്‍ വരെയും, ചന്ദ്രശേഖര്‍ ആസാദ് മുതല്‍ തിരുപ്പൂര്‍ കുമരന്‍ വരെയും, ആ മുദ്രാവാക്യം ഒന്നായി പ്രതിധ്വനിച്ചു. അത് വെറുമൊരു ഗാനമായിരുന്നില്ല; അത് രാജ്യത്തിന്റെ ആത്മാവിന്റെ കൂട്ടായ ശബ്ദമായി മാറിയിരുന്നു. ‘വന്ദേമാതര’ത്തിന് ‘ഏറ്റവും മന്ദീഭവിച്ച രക്തത്തെ പോലും ഇളക്കിവിടാനുള്ള മാന്ത്രിക ശക്തി’ ഉണ്ടെന്ന് മഹാത്മാഗാന്ധി തന്നെ സമ്മതിച്ചിട്ടുണ്ട്. അത് ലിബറലുകളെയും വിപ്ലവകാരികളെയും പണ്ഡിതരെയും സൈനികരെയും ഒരുപോലെ ഒന്നിപ്പിച്ചു.
ഒക്ടോബര്‍ 26 ന്, തന്റെ മന്‍ കി ബാത്ത് പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘വന്ദേമാതര’ത്തിന്റെ മഹത്തായ പൈതൃകത്തെക്കുറിച്ച് രാജ്യത്തെ ഓര്‍മിപ്പിച്ചു. ഈ അനശ്വര ഗീതത്തിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി, നവംബര്‍ 7 മുതല്‍ ഒരു വര്‍ഷത്തേക്ക് രാജ്യവ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ആഘോഷങ്ങളിലൂടെ, ‘വന്ദേമാതര’ത്തിന്റെ പൂര്‍ണ്ണരൂപം വീണ്ടും രാജ്യമെമ്പാടും പ്രതിധ്വനിക്കും. ‘സാംസ്‌കാരിക ദേശീയത’ എന്ന ആശയം സ്വാംശീകരിക്കാന്‍ യുവജനങ്ങളെ പ്രചോദിപ്പിക്കും.
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ ആദരം അര്‍പ്പിക്കുകയും ഭാരത് പര്‍വ് ആഘോഷിക്കുകയും ചെയ്യുമ്പോള്‍, ഭാരതത്തിന്റെ ഏകീകരണത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ‘വന്ദേമാതര’ത്തിന്റെ ജീവസ്സുറ്റ രൂപമായിരുന്നുവെന്ന് നമുക്ക് ഓര്‍മ്മിക്കാം. ഈ ഗാനം ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല, ഭാവിയിലേക്കുള്ള ആഹ്വാനവുമാണ്. ഇന്ന്, ‘വന്ദേമാതരം’ 2047 ലെ വികസിത ഭാരതത്തിന്റെ, ആത്മവിശ്വാസവും, സ്വയംപര്യാപ്തവും, പുനരുജ്ജീവനക്ഷമതയുള്ളതുമായ രാജ്യത്തെക്കുറിച്ചുള്ള, നമ്മുടെ ദര്‍ശനത്തിന് പ്രചോദനം നല്‍കുന്നു. ഇത് നമ്മുടെ സാംസ്‌കാരിക ആത്മവിശ്വാസത്തിന്റെ ഗാനമാണ്. ഇനി ആ ചൈതന്യത്തെ പ്രവര്‍ത്തനമാക്കി മാറ്റേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
‘വന്ദേമാതരം’ സ്വാതന്ത്ര്യത്തിന്റെ ഗാനമാണ്. വിട്ടുവീഴ്ചയില്ലാത്ത ദൃഢനിശ്ചയത്തിന്റെയും രാജ്യത്തിന്റെ ഉണര്‍വിന്റെയും ആദ്യ മന്ത്രവുമാണ്. ഒരു ജനതയുടെ ആത്മാവില്‍ നിന്ന് ഉയിര്‍ക്കൊണ്ട വാക്കുകള്‍ അനശ്വരമാണ്. അവ യുഗങ്ങളിലൂടെയും തലമുറകളിലൂടെയും മാറ്റൊലിക്കൊണ്ട് ജീവിക്കും. ഈ പുണ്യമന്ത്രം നിതാന്തമായി പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും. നമ്മുടെ ചരിത്രം, നമ്മുടെ സംസ്‌കാരം, നമ്മുടെ മൂല്യങ്ങള്‍, നമ്മുടെ പാരമ്പര്യങ്ങള്‍ എന്നിവയെ ഭാരതീയതയുടെ ദര്‍ശനത്തിലൂടെ വീക്ഷിക്കാന്‍ ഇത് നമ്മെ പ്രചോദിപ്പിക്കും.
‘വന്ദേമാതരം’!