ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ ധീരോദാത്തമായ പ്രതീകമാണ് സാകിയ ജിഫ്രിയുടെ വിയോഗത്തോടെ ഓര്‍മയായിരിക്കുന്നത്. ലോകത്തിനുമുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ ഗുജറാത്ത് വംശഹത്യയുടെ പിന്നിലെ യഥാര്‍ത്ഥ കരങ്ങളെ പുറത്തുകൊണ്ടുവരാനും വംശവെറിയുടെ അഴിഞ്ഞാട്ടത്തില്‍ ജീവനും ജീവിതവും നഷ്പ്പെട്ടു പോയവര്‍ക്ക് നീതി ലഭ്യമാക്കാനുമായി അവര്‍ നടത്തിയിട്ടുള്ള നിയമ – രാഷ്ട്രീയ പോരാട്ടങ്ങള്‍ ജനാധിപത്യ ഇന്ത്യയില്‍തന്നെ അതുല്യമായിട്ടുള്ളതുമാണ്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത്ഷായെയുമുള്‍പ്പെടെ പ്രതിസ്ഥാനത്ത് നിര്‍ത്തി സധൈര്യം അവര്‍ നടത്തിയിട്ടുള്ള നീക്കങ്ങള്‍ അത്ഭുതകരവും അമ്പരപ്പിക്കുന്നതുമായിരുന്നു. ജനാധിപത്യ സമൂഹത്തില്‍ നിന്നോ നീതി പീഠത്തില്‍ നിന്നോ പോലും വേണ്ടത്ര പിന്തുണ ലഭ്യമാകാതിരുന്നിട്ടും ഒരു സമൂഹത്തെയാകെ ഇല്ലാതാക്കിയ ഗുജറാത്ത് വംശഹത്യയിലെ ഇരകള്‍ക്കുവേണ്ടി, പ്രത്യക്ഷമായും പരോക്ഷമായും ഉത്തരവാദികളായ ഓരോ നേതാക്കളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് അവര്‍ ശ്രമിച്ചത്. അഹമ്മദാബാദിലെ ചമന്‍പുരയിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ട 69 പേരില്‍ സാകിയയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പിയുമായിരുന്ന ഇഹ്സാന്‍ ജാഫ്രിയും ഉള്‍പ്പെട്ടിരുന്നു. വംശഹത്യക്കിടെ ആയുധങ്ങളേന്തിയ ഹിന്ദുത്വ വര്‍ഗീയവാദികള്‍ വീട്ടിനുള്ളിലിട്ട് സാകിയയുടെ കണ്‍മുന്നില്‍ വെച്ചാണ് ഇഹ്‌സാനെ കൊലപ്പെടുത്തി ചുട്ടെരിച്ചത്. എന്നാല്‍ ഭര്‍ത്താവിന്റെ വിയോഗത്തില്‍ തളര്‍ന്നിരിക്കാതെ അദ്ദേഹത്തിന്റെ നേത്യ പാടവം കണ്ടും കേട്ടുമറിഞ്ഞ സാകിയ നിതിക്കുവേണ്ടി ഇറങ്ങിതിരിക്കുകയായിരുന്നു.
നാലു പെണ്‍കുട്ടികളെ കലാപക്കാര്‍ പിടിച്ചുകൊണ്ടുപോകുന്നത് താന്‍ നേരില്‍ കണ്ടുവെന്നും ഭര്‍ത്താവിനെയടക്കം തിക്കൊളുത്തി കൊലപ്പെടുത്തിയത് തന്റെ മുന്നില്‍ വെച്ചായിയിരുന്നുവെന്നും കാണിച്ച് 2006 ലാണ് സാകിയ കോടതിയെ സമീപിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഗുഢാലോചനാ ആരോപണവും പരാതിയിലുണ്ടായിരുന്നു. ഇവിടെനിന്നാണ് നീതിയുടെ വെളിച്ചം തേടിയുള്ള അവരുടെ ഐതിഹാസിക പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്. 2008 സമഗ്രന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം (എ സ്.ഐ.ടി) രൂപവത്കരിച്ച് സുപ്രീംകോടതി ഉത്തരവിട്ടു. സി.ബി.ഐ ഡയറക്ടറായിരുന്ന ആര്‍.കെ രാഘവന്റെ നേ തൃത്വത്തിലായിരുന്നു സംഘം. മോദിയെ ഉള്‍പ്പെടെ ചോ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കേസെടുക്കാന്‍ വേണ്ട തെളിവുകളില്ലെന്ന് പറഞ്ഞ് മോദി ഉള്‍പ്പെടെയുള്ള 64 പേര്‍ക്ക് എസ്.ഐ.ടി. 2012 ല്‍ ക്ലിന്‍ചിറ്റ് നല്‍കി. എ സ്.ഐ.ടിയുടെ ക്ലീന്‍ചിറ്റിനെതിരേ സാകിയ പിന്നീട് മജി സ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. എന്നാല്‍ 2013 ല്‍ മജിസ്‌ട്രേറ്റ് കോടതിയും എസ്.ഐ.ടി റിപ്പോര്‍ട്ട് ശരിവെച്ചു. വിധിക്കെതിരേ സാകിയ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. 2017 ല്‍ ഹൈക്കോടതിയും വിധി ശരിവെച്ചതോടെ പിന്നെ സുപ്രീം കോടതിയിലായി സാകിയയുടെ പോരാട്ടം. 2018 ല്‍ ആയിരുന്നു സാകിയ സുപ്രീംകോടതിയെ സമീപിച്ചത്. പക്ഷെ 2022 ജൂണ്‍ 24 ന് മോദിക്കും മറ്റ് 64പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ എസ്.ഐ.ടി റിപ്പോര്‍ട്ട് സുപ്രീംകോടതിയും ശ രിവെക്കുകയും ഹര്‍ജി തള്ളുകയുമായിരുന്നു. ഇക്കാര്യത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സാകിയയുടെ കേസ് സുപ്രിംകോടതിയുടെ അന്തിമ വിധിയോടെ അവസാനിച്ചുവെങ്കിലും രണ്ടു പതിറ്റാണ്ടു നീണ്ട ഉജ്വലമായ ആ നിയമ പോരാട്ടം ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്കുമാത്രമല്ല. രാജ്യത്താകമാനമുള്ള നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങളാണ് സമ്മാനിച്ചത്. ഭരണകൂട ഭീകരതയുടെ കിരാത വാഴ്ച്ചകള്‍ക്ക് ഇരകളാക്കപ്പെടുമ്പോഴും അതിനെ ചോദ്യം ചെയ്യാനും എത്ര ഉന്നതരായാലും അവരെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും രാജ്യത്ത് അവസരമുണ്ടെന്ന് ഒരു സാധാരണ വീട്ടമ്മയായ അവര്‍ തെളിയിക്കുകയായിരുന്നു. ഒന്നിനു പിറകെ ഒന്നായി കോടതികളില്‍ നിന്ന് തിരിച്ചടി നേരിട്ടപ്പോഴും നിയമത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി പരമോന്നത നിതിപീഠത്തിനുമുന്നില്‍ വരെ അവര എത്തിച്ചേരുകയുണ്ടായി. കലാപ കാലത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിലൊതുങ്ങിയിരുന്ന നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയത്തിലേക്ക് തേരു തെളിക്കുമ്പോഴാണ് സാകിയ നിയമ പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുന്നത്.
അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷായും കൂടുതല്‍ കരുത്തനായിക്കൊണ്ടിരിക്കുന്ന ഘട്ടമായിരുന്നു അത്. നിയമ പോരാട്ടത്തില്‍നിന്ന് പിന്തിരിയാനുള്ള പ്രലോഭനങ്ങളും പ്രകോപനങ്ങളും ആ സ്ത്രീ ഒരുപോലെ അനുഭവിച്ചിട്ടുണ്ടാവുമെന്നുറപ്പാണ്. ഭരണകൂടത്തിന്റെ ആനുകൂല്യങ്ങള്‍ക്കോ ഭീഷണികള്‍ക്കോ വഴിപ്പെടാതെ അവര്‍ പ്രകടിപ്പിച്ചത് അനന്യസാധാരണമായ ഇഛാശക്തിയാണ്. നിയമ വഴിയില്‍ അവര്‍ക്കു കൂട്ടായുണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ് മരണ വിവരം പുറത്തുവിട്ടുകൊണ്ട് പറഞ്ഞത് ‘മനുഷ്യാവകാശ സമൂഹത്തിന്റെ അനുകമ്പയുള്ള നേതാവായ സാക്കിയ അപ്പ അന്തരി ച്ചു’ എന്നായിരുന്നു. ഈ പോരാട്ടം എത്രനാള്‍ തുടരമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സാകിയ നല്‍കിയ മറുപടി ‘എന്റെയുള്ളില്‍ ശ്വാസം അവശേഷിക്കുന്ന അവസാന നിമിഷം വരെ ‘ എന്നായിരുന്നു. ആ വാക്കുകളെ അന്വര്‍ത്ഥമാക്കി ശ്വാസം നിലക്കുംവരെയും ഭര്‍ത്താവ് ഉള്‍പ്പെടെ ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ഈ വയോധിക.