
ഛത്രപതി സംഭാജിനഗര്‍(മഹാരാഷ്‌ട്ര): പുതിയ കാലത്തിന്റെ മുന്നേറ്റത്തിന് സാങ്കേതിക വിദ്യ അനിവാര്യമാണെന്നും എന്നാല്‍ അത് നമ്മുടെ നിയന്ത്രണത്തിലായിരിക്കണമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സാങ്കേതികവിദ്യ നമ്മളെ ഉപയോഗിക്കുകയല്ല, നമ്മള്‍ അതിനെ ഉപയോഗിക്കുകയാണ് വേണ്ടത്, ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യുവ സംരംഭക സംവാദത്തില്‍ അദ്ദേഹം പറഞ്ഞു.
സ്വദേശി ഉത്പന്നങ്ങള്‍ ഉപയോഗിക്കണം എന്ന് പറയുന്നതിന്റെ താല്പര്യം സാങ്കേതികവിദ്യ ഉപേക്ഷിക്കുക എന്നല്ല. നമ്മള്‍ അതിന്റെ അടിമകളാകരുത്. സംരംഭകരാകുന്നത് സ്വന്തം ലാഭത്തിന് എന്നതിനപ്പുറം സമാജത്തിന്റെ ക്ഷേമത്തിനും എന്ന കാഴ്ചപ്പാട് നമുക്ക് വേണമെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്, വ്യവസായം നമുക്ക് ഉപജീവനമാര്‍ഗമാണ്. അതേസമയം അത് ധര്‍മ്മമാണെന്നും കരുതണം. കൃഷിയാണ് ജീവിതധര്‍മ്മമെന്ന് വിശ്വസിക്കുന്ന കര്‍ഷകര്‍ മാതൃകയാണ്. ഇത്തരം ഉദാത്തമായ ചിന്ത ഭാരതത്തില്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഏത് സംരംഭവും മുന്നോട്ടുപോകുന്നത് സമൂഹത്തെ അധികരിച്ചാണ്. അതുകൊണ്ട് ആ സമൂഹത്തിന് എന്ത് നല്കാനാകുമെന്ന ചിന്ത നമുക്ക് വേണം. രാജ്യത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കണം. അത് സമൂഹത്തിന് ദോഷം വരുത്തുകയോ തൊഴിലവസരങ്ങള്‍ കുറയ്‌ക്കുകയോ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, സര്‍സംഘചാലക് പറഞ്ഞു.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് അനില്‍ ഭലേറാവുവും പരിപാടിയില്‍ സംബന്ധിച്ചു.