• Sun. Aug 10th, 2025

24×7 Live News

Apdin News

സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന്‍ സ്റ്റീഫന്‍

Byadmin

Aug 9, 2025


സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന്‍ പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.

അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്‍കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന്‍ തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.

By admin