• Thu. Jan 1st, 2026

24×7 Live News

Apdin News

സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞു: ചിക്കിംഗ് ഔട്ട്ലെറ്റില്‍ നടന്ന കൂട്ടയടിയില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കും

Byadmin

Jan 1, 2026



കൊച്ചി: സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞുപോയി എന്ന പരാതിയില്‍ എറണാകുളം ചിക്കിംഗ് ഔട്ട്ലെറ്റില്‍ നടന്ന കൂട്ടയടിയില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കും. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ ബന്ധുവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അഞ്ചു പേര്‍ക്കെതിരെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തത്.

ചിക്കിംഗ് ഔട്ടലെറ്റ് മാനേജര്‍ ജോഷ്വ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥികള്‍ വിളിച്ചു വരുത്തിയ നാലുപേര്‍ ഔട്ട്ലെറ്റില്‍ അതിക്രമിച്ചു കയറി തന്നെ ദേഹോദ്രപവം ഏല്‍പ്പിച്ചെന്നും 83,000 രൂപയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തെന്നുമാണ് ജോഷ്വയുടെ പരാതി. മാനേജര്‍ കത്തി വീശി ഭീഷണിപ്പെടുത്തിയെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടത്.

സിബിഎസ്ഇ സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികളാണ് എംജി റോഡിലെ ചിക്കിംഗില്‍ സാന്‍വിച്ച് കഴിക്കാനെത്തിയത്. സാന്‍വിച്ചില്‍ ചിക്കന്‍ ഇല്ലല്ലോ എന്ന് പറഞ്ഞതോടെ മാനേജറും വിദ്യാര്‍ഥികളും തമ്മില്‍ വാഗ്വാദമായി. വാക്കേറ്റം രൂക്ഷമായപ്പോള്‍ വിദ്യാര്‍ഥികള്‍ കടയില്‍ നിന്നും ഇറങ്ങി സഹോദരന്‍മാരെ കൂട്ടി മടങ്ങി വന്നു.

സഹോദരങ്ങള്‍ ചോദ്യം ചെയ്തതോടെ മാനേജര്‍ കത്തിയെടുത്ത് ഭീഷണിപ്പെടുത്തി. കടയ്‌ക്ക് പുറത്തിറങ്ങിയ ഇയാളെ ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. നിലത്തു വീണ ഇയാളെ വിദ്യാര്‍ഥികള്‍ തല്ലി. ആക്രമണത്തെ തുടര്‍ന്ന് ഇരുകൂട്ടരും ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കി.

 

 

By admin