കൊച്ചി : ട്രാന്‍സ്മനുഷ്യരെ എന്തും ചെയ്യാം എന്ന് ആരും ധരിക്കേണ്ടെന്നും അവര്‍ക്കെതിരെ അന്യായമായ അതിക്രമങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും മുതിരുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ ഉണ്ടാകുമെന്നും സാമൂഹിക നീതി വകുപ്പു മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. പാലാരിവട്ടത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ലോറി ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടിയതായി മന്ത്രി അറിയിച്ചു. ലോറി ഡ്രൈവറുടെ കമ്പി വടി കൊണ്ടുള്ള ആക്രമണത്തില്‍ ഇരകള്‍ ആയവര്‍ക്ക് കൈയ്‌ക്കും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും അടിയന്തിര റിപ്പോര്‍ട്ട് നല്‍കുവാനും സാമൂഹ്യനീതി വകുപ്പു ഡയറക്ടര്‍ക്കും,ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കി. സംഭവത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആക്ട് പ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും നിയമപരമായി നടപടികള്‍ സ്വീകരിക്കുമെന്നും ഡോ:ആര്‍.ബിന്ദു പറഞ്ഞു.