സാമ്പത്തിക സംവരണത്തിനെതിരെ പാർലിമെന്റിൽ എതിർത്ത് വോട്ട് ചെയ്തത് മുസ്ലിംലീഗ് മാത്രമാണെന്നും കേരളത്തിലെ ഈഴവരാദി പിന്നോക്ക ജനത മുസ്ലിംലീഗിനോട് എന്നും കടപ്പെട്ടിരിക്കുന്നു എന്നും സംവിധായകൻ പ്രശാന്ത് ഈഴവൻ. സാമ്പത്തിക സംവരണത്തിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഒരു ജാതി പിള്ളേരിഷ്ടാ എന്ന സിനിമയുമായി ബന്ധപ്പെട്ട് മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുസ്ലിംലീഗിന്റെ നിലപാടിനെ പ്രശംസിച്ച് അദ്ദേഹം സംസാരിച്ചത്.
കേരളത്തിലെ ഈഴവരും ദളിതരും അടക്കമുളള പിന്നാക്ക ജനതയുടെ കേരളത്തിലെ കുഞ്ഞുമക്കൾക്ക് വേണ്ടി, ഭാവി തലമുറയ്ക്ക് വേണ്ടി, പാർലമെന്റിൽ സാമ്പത്തിക സംവരണത്തെ എതിർത്ത് വോട്ട് ചെയ്ത ഏക പ്രസ്ഥാനം മുസ്ലിംലീഗാണ്. മഞ്ജുവാര്യരും ബിജുമേനോനും സംയുക്ത വർമ്മയും ഒക്കെ ഇടുമ്പോൾ അത് പേര്, നമ്മൾ ഈഴവൻ എന്ന് പേരിനൊപ്പം ചേർക്കുമ്പോൾ ജാതി. കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ഈ ജാതിബോധത്തെ തുറന്ന് കാട്ടാനാണ് സ്വന്തം പേരിൽ ഈഴവൻ എന്ന് ചേർത്തതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സംവരണം ആദ്യം ആവശ്യപ്പെട്ടത് ഇ.എം.എസ് ആണെന്നും അതുകൊണ്ട് സി.പി.എം അതിനെ എതിർക്കാതിരുന്നതിനെ കുറ്റം പറയാനാവില്ലെന്നും എന്നാൽ, സി.പി.ഐ പിന്നോക്ക ജനതയോടെ ചെയ്തത് കൊടിയ വഞ്ചനയാണെന്നും പ്രശാന്ത് പറഞ്ഞു. മുസ്ലിംലീഗിന് അർഹതപ്പെട്ട അഞ്ചാം മന്ത്രി സ്ഥാനം ലഭിച്ചപ്പോൾ സി.പി.എമ്മും ബി.ജെ.പിയും ഒരേ ഭാഷയിലാണ് സംസാരിച്ചത്. എന്നാൽ നിലവിലെ മന്ത്രിസഭയിൽ 11 പേർ ഒരു സമുദായത്തിൽനിന്ന് മാത്രമാണ്. ഇപ്പോൾ കേരളത്തിലെ സാമുദായിക സന്തുലിതത്വം തകരുന്നതിനെക്കുറിച്ച് ആർക്കും ആശങ്കയില്ലെന്നും പ്രശാന്ത് പറഞ്ഞു.