
തിരുവനന്തപുരം: സായി എല്‍എന്‍സിപിയില്‍ ധൂര്‍ത്തും ആഡംബരവും. കായിക താരങ്ങള്‍ക്ക് നിത്യചെലവിനു പോലും പണം ഇല്ലാതെ വട്ടം കറങ്ങുമ്പോള്‍ ജീവനക്കാരുടെ ആഡംബരത്തിനും പണം തട്ടിയെടുക്കുന്നതിനും യാതൊരു കുറവുമില്ല. നിരവധി ദേശീയ അന്തര്‍ദേശീയ താരങ്ങളെ വളര്‍ത്തിയെടുത്ത സ്ഥാപനമാണ് ഉദ്യോഗസ്ഥരുടെ അലംഭാവവും തമ്മിലടിയും കാരണം തകര്‍ച്ചയിലേക്ക് നീങ്ങുന്നത്.
സായി എല്‍എന്‍സിപിഇയിലെ 37 കുട്ടികളെ ഹരിയാനയില്‍ ഒരാഴ്ച നടന്ന സൈക്ലിംഗ് നാഷണല്‍ മീറ്റില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടു പോയിരുന്നു. താമസസൗകര്യത്തിനും ഭക്ഷണത്തിനുമായി 30 ലക്ഷത്തോളം രൂപ ചെലവഴിച്ചെന്നാണ് കണക്ക്. പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാജ രസീതുകളാണ് സമര്‍പ്പിച്ചതെന്ന് കണ്ടെത്തി. ഇതിലൂടെ ഇരുപത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന് വ്യക്തമായി. ഇതോടെ സൈക്ലിംഗ് അസിസ്റ്റന്റ് കോച്ച് അനില്‍കുമാര്‍ വകുപ്പുതല അന്വേഷണം നേരിട്ട് സസ്‌പെന്‍ഷന്‍ നേരിട്ടു. അന്വേഷണം തീരുന്നതുവരെ തിരുവനന്തപുരം റീജിയണല്‍ സെന്റര്‍ വിട്ടുപോകാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.
എല്‍എന്‍സിപിയില്‍ സ്ഥലം മാറിവന്ന ഡെപ്യൂട്ടി ഡയറക്ടറും നടത്തി ലക്ഷങ്ങളുടെ ആഡംബരം. നിലവിലെ കാബിന്‍ നീക്കം ചെയ്ത് ആഡംബര കാബിന്‍ പണിതു. ദൈനംദിന കാര്യങ്ങള്‍ക്കുപോലും ചെലവഴിക്കാന്‍ പണം ഇല്ലാതിരിക്കെയാണ് യാതൊരു നിയന്ത്രണവും ഇല്ലാതെയുള്ള ധൂര്‍ത്ത്. എസി, ടിവി, കേബിള്‍ കണക്ഷന്‍ എന്നിവ സജ്ജീകരിച്ചും, പുറത്തുനിന്നുള്ളവര്‍ക്ക് കാണാന്‍ സാധിക്കാത്ത വിധത്തിലുള്ള കൂളിംഗ് പേപ്പര്‍ ഒട്ടിച്ചും കാബിനെ ആര്‍ഭാടമാക്കി. അടുത്തകാലത്താണ് നിലവിലെ കാബിന്‍ പുതുക്കി പണിതത്. ഇതെല്ലാം മാറ്റിയാണ് പുതിയ കാബിന്‍ നിര്‍മ്മിച്ചത്. ലക്ഷങ്ങളുടെ നഷ്ടം സായിക്ക് സംഭവിച്ചപ്പോള്‍ ചെലവഴിച്ചിതിന്റെ പകുതി പണവും കീശയിലാക്കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. കായികതാരങ്ങളുടെ പരിശീലനത്തിനും മത്സരത്തിനും പോകുന്നവര്‍ക്ക് ടിഎയും ഡിഎയും നല്‍കാന്‍ പണം ഇല്ലാതിരിക്കെയാണ് എല്‍എന്‍സിപിയില്‍ ഭരണ പ്രതിസന്ധി സൃഷ്ടിച്ച് ഡെപ്യൂട്ടി ഡയറക്ടറുടെ ആര്‍ഭാടം.
പുതിയ ഡെപ്യൂട്ടി ഡയറക്ടര്‍ കാമ്പസിനുള്ളില്‍ പോലും കോളജ് വക വാഹനം ഇല്ലാതെ യാത്രചെയ്യില്ല. കാമ്പസില്‍ നിന്നും മെസ്സിലേക്കും തന്റെ തൊട്ടടുത്തുള്ള വസതിവരെയും യാത്രചെയ്യുന്നത് കോളജ് വക വാഹനത്തില്‍. മറ്റൊരു റീജിയണല്‍ സെന്ററുകളിലും ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് ഇത്തരം സൗകര്യമില്ലെന്നിരിക്കെയാണ് ഈ വാഹന ധൂര്‍ത്ത്. തനിക്ക് വാഹനം നല്‍കിയില്ലെങ്കില്‍ ജീവനക്കാരോട് ആക്രോശിക്കുന്നത് പതിവ് കാഴ്ചയാണ്.
സായിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് വാഹനം അനുവദിച്ചിട്ടില്ല. കായിക താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ കോടികളാണ് സായിക്ക് നല്‍കുന്നത്. എന്നാല്‍ കായിക താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനു പകരം ആ പണം ഉദ്യോഗസ്ഥര്‍ ധൂര്‍ത്തടിക്കുകയാണ്. നിരവധി താരങ്ങള്‍ക്ക് പരിശീലനം നല്‍കി ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയ ഒരു മികച്ച സ്ഥാപനത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സായി എല്‍എന്‍സിപിഇയില്‍ ഇപ്പോള്‍ നടന്നുവരുന്നത്.