• Sat. May 10th, 2025

24×7 Live News

Apdin News

സായുധ സേനയ്ക്കും കേന്ദ്ര സര്‍ക്കാരിനും അഭിനന്ദനം: ആര്‍എസ്എസ്

Byadmin

May 10, 2025


നാഗ്പൂര്‍: പാക് ആക്രമണങ്ങളെ ഉചിതമായി തിരിച്ചടിച്ച കേന്ദ്ര ഭരണ നേതൃത്വത്തിനും സായുധ സേനയ്‌ക്കും അഭിനന്ദനമര്‍പ്പിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും.

പഹല്‍ഗാമില്‍ നിരായുധരായ വിനോദ സഞ്ചാരികള്‍ക്കു നേരേയുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണത്തെത്തുടര്‍ന്നു പാക് സ്‌പോണ്‍സര്‍ ചെയ്ത ഭീകരവാദികള്‍ക്കും അവരെ പിന്തുണയ്‌ക്കുന്നവര്‍ക്കുമെതിരേ സ്വീകരിച്ച നിര്‍ണായക നീക്കത്തിന് അഭിനന്ദനം. ഹിന്ദു വിനോദ സഞ്ചാരികളെ ക്രൂരമായി കൂട്ടക്കൊല ചെയ്തത് പൊറുക്കാനാകില്ല. ദുരിതത്തിലായ കുടുംബങ്ങള്‍ക്കും മുഴുവന്‍ രാജ്യത്തിനും നീതി ഉറപ്പാക്കാനുള്ള ഈ ദൗത്യം രാജ്യത്തിന്റെ ആത്മാഭിമാനവും മനോവീര്യവും വര്‍ധിപ്പിച്ചെന്നു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പാക് ഭീകരരെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും പിന്തുണയ്‌ക്കുന്ന സംവിധാനങ്ങള്‍ക്കുമെതിരേയുള്ള നടപടി രാജ്യസുരക്ഷയ്‌ക്ക് അനിവാര്യമാണ്. ദേശീയ പ്രതിസന്ധിയുടെ മണിക്കൂറുകളില്‍, മുഴുവന്‍ രാജ്യവും സര്‍ക്കാരിനും സായുധ സേനയ്‌ക്കുമൊപ്പം ഉറച്ചുനില്‍ക്കുന്നു.

അതിര്‍ത്തിയിലെ ധാര്‍മിക കേന്ദ്രങ്ങളെയും ജനവാസ പ്രദേശങ്ങളെയും ലക്ഷ്യമിട്ടുള്ള പാക് ആക്രമണങ്ങള്‍ അപലപനീയമാണ്. ക്രൂരവും മനുഷ്യത്വരഹിതവുമായ ആക്രമണങ്ങളില്‍ ഇരകളായവരുടെ കുടുംബങ്ങളെ ഹൃദയപൂര്‍വം അനുശോചനമറിയിക്കുന്നു.

വെല്ലുവിളി നിറഞ്ഞ വേളയില്‍, സര്‍ക്കാരും ഭരണകൂടവും നല്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നെന്ന് ഉറപ്പാക്കാന്‍ എല്ലാവരോടും ആര്‍ എസ്എസ് അഭ്യര്‍ഥിക്കുന്നു. പവിത്രമായ പൗരധര്‍മം നിര്‍വഹിക്കുമ്പോള്‍, നാമേവരും ജാഗ്രത പാലിക്കണം. സാമൂഹിക ഐക്യം തകര്‍ക്കാനുള്ള ദേശ വിരുദ്ധ ശക്തികളുടെ ഗൂഢാലോചനയെ ചെറുക്കണം.

എല്ലാവരും തങ്ങളുടെ ദേശസ്നേഹം പ്രകടിപ്പിക്കാനും, ആവശ്യമുള്ളിടത്തെല്ലാം സൈന്യവുമായും ഭരണകൂടവുമായും സഹകരിക്കാനും, ദേശീയ ഐക്യവും സുരക്ഷയും നിലനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് പ്രസ്താവനയില്‍ പറയുന്നു.

 



By admin